National

ഡൽഹിയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് അമിത് ഷാ; അറിയില്ലെങ്കില്‍ പറഞ്ഞുതരാം: യോഗിയെ അതേനാണയത്തില്‍ തിരിച്ചടിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ആശങ്കയറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്ത ഡൽഹിയിൽ വോട്ട് തേടിയെത്തിയ യോഗി, അരവിന്ദ് കെജ്‌രിവാളിനെയും എഎപിയേയും കടന്നാക്രമിക്കുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും രാജ്യതലസ്ഥാനത്ത് സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും യോഗി ആരോപിച്ചിരുന്നു.

എന്നാൽ കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും യോഗിക്ക് അറിയില്ലെങ്കിൽ പറഞ്ഞു കൊടുക്കണെമെന്നുമാണ് കെജ്‌രിവാള്‍ തിരിച്ചടിച്ചത്. അമിത് ഷാ തിരക്കിലാണ്. ക്രമസമധാന ചുമതലക്ക് സമയമില്ല, അദ്ദേഹം അധികാരം പിടിച്ചെടുക്കാൻ എംഎൽഎമാരെ വേട്ടയാടിപ്പിടിക്കാനുള്ള ശ്രമത്തിലാണെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.

‘യോഗി പറഞ്ഞത് ശരിയാണ്. ഡൽഹിയിൽ ക്രമസമാധാനമില്ല. സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. ഡൽഹിയിൽ ഗാങ്സ്റ്റേഴ്‌സ് അടക്കി വാഴുന്നു’വെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം അനധികൃത കുടിയേറ്റക്കാരെ കൊണ്ട് ഡൽഹി നിറഞ്ഞിരിക്കുകയാണെന്നാണ് യോഗിയുടെ മറ്റൊരു ആരോപണം. ബംഗ്ലാദേശി പൗരന്മാരുടെ കേന്ദ്രമായി ഡൽഹി മാറി. കുടിയേറ്റക്കാരെ ഡൽഹി സർക്കാർ സഹായിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും റോഹിങ്ക്യൻ മുസ്ലീങ്ങളെയും ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ്.

എഎപി നേതാക്കളുടെ വീട്ടിലുള്ള ആധാര്‍ കാര്‍ഡ് മെഷീന്‍ ഉപയോഗിച്ച് അവര്‍ക്ക് ആധാര്‍ കാര്‍ഡ് അച്ചടിച്ച് നല്‍കുന്നുണ്ടെന്നും യോഗി ആരോപിച്ചു. ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നാൽ ഡൽഹി ക്ലീൻ സിറ്റിയാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. 70 സീറ്റുകളുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 699 സ്ഥാനാർഥികളാണ് മത്സരിക്കാനുള്ളത്.

Related Articles

Back to top button
error: Content is protected !!