പ്രമോഷൻ വീഡിയോ ഷൂട്ടിനിടെയുണ്ടായ അപകടം; രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനമോടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമ സാബിദ്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് ടനപടി.
രണ്ട് പേർക്കെതിരെയും മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സ് അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ സാബിദിന് നിർദേശം നൽകി. ബെൻസ് കാറിന്റെ ആർ സിയും റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ റോഡിന് നടുക്ക് നിന്ന് ചിത്രീകരിക്കുകയായിരുന്നു വീഡിയോഗ്രാഫർ കൂടിയായ ആൽവിൻ.