ആറ് വയസുകാരനെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമം; ഷെഫീക്ക് കേസിൽ വിധി ഇന്ന്
ഇടുക്കി കുമളിയിൽ ആറ് വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് വിധി പറയും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത്
ആറ് വയസുള്ള കുട്ടിയോടായിരുന്നു ഇവരുടെ ക്രൂരത. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ക്രൂര മർദനത്തെ തുടർന്ന് 2013 ജൂലൈ 15നാണ് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെയാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ക്രൂരതയെ കുറിച്ച് പുറംലോകം അറിയുന്നത്
തലച്ചോറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിവുകളുമുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന ആശങ്കയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു. എങ്കിലും തലച്ചോറിനേറ്റ ക്ഷതം മാനസിക വളർച്ചയെ ബാധിച്ചു.