Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 54

[ad_1]

രചന: റിൻസി പ്രിൻസ്‌

വല്യമ്മച്ചിയുടെ ആഗ്രഹമാണ് എന്റെ കല്യാണം…  പണ്ട് മുതലേ പറയും എന്റെ കല്യാണം കണ്ട് മരിക്കണമെന്ന്…  അത് വലിയ ആഗ്രഹമാണെന്ന്,

” അതിനെന്താ  ആ ആഗ്രഹം നടത്താല്ലോ നമുക്ക് കല്യാണം കഴിച്ചേക്കാം..

സാം പറഞ്ഞു

” എന്താ പറഞ്ഞേ…?

പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… അപ്പോഴാണ് അറിയാതെ തന്റെ ഉള്ളിലുള്ള സത്യം പുറത്ത് വന്ന വിവരം അവനും ഓർത്തത്…

”  അല്ല പെട്ടെന്ന് കല്യാണം കഴിക്കാലോന്ന്, അതിനുള്ള പ്രായമൊക്കെ ആയല്ലോന്ന് പറഞ്ഞത് ആണ്….

അവൾ അവനെ കൂർപ്പിച്ചു ഒന്ന് നോക്കിയിരുന്നു…  അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവൻ പുറത്തേക്ക് ഇറങ്ങി…

തിരികെ വീട്ടിലെത്തി ജെസ്സിയുടെ ഓരോ വിശേഷങ്ങളും പറയുമ്പോൾ അതിൽ എല്ലാം അവൻ അവളെ കുറിച്ച് പറയാൻ മറന്നിരുന്നില്ല ആ പ്രത്യേകമായ പരാമർശം ജെസിയും ശ്രദ്ധിച്ചിരുന്നു… ശ്വേത ആവട്ടെ അന്ന് കിടന്നത് വല്യമ്മച്ചക്കൊപ്പം ആണ് വലിയ സന്തോഷത്തോടെ തന്നെയാണ് അവൾ വല്യമ്മച്ചിയുടെ കൂടെ കിടന്നത് അറിയാതെയാണെങ്കിലും സാമിന്റെ വായിൽ നിന്നും വന്ന ആ വാക്ക് അവളെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു നമുക്ക് വിവാഹം കഴിച്ചേക്കാം എന്ന് അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം മനസ്സ് വല്ലാതെ തുള്ളിച്ചതാണ് തൊട്ടടുത്ത നിമിഷം തന്നെ അറിയാതെ പറഞ്ഞതാണെന്ന് അറിഞ്ഞപ്പോൾ ഒന്ന് വേദനിച്ചു എങ്കിലും അവന്റെ നാവിൽ നിന്നും അങ്ങനെ കേൾക്കാൻ സാധിച്ചതിന്റെ സന്തോഷം അവളിൽ നിറഞ്ഞുനിന്നു…

മുറിയിലേക്ക് എഴുതിക്കൊടുത്ത കത്ത്  അലമാരിയിൽ മുഴുവൻ തപ്പിയതിനു ശേഷം കണ്ടെടുത്തു അത് ഒരു പത്ത് തവണയെങ്കിലും അവൻ വായിച്ചു നോക്കി ഓരോ വട്ടം വായിക്കുമ്പോഴും അവളുടെ മനസ്സിലെ ഓരോ വർണ്ണനകളും അവന്റെ മുൻപിൽ തെളിഞ്ഞു വന്നു ആ പെണ്ണ് തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അവന് വ്യക്തമാക്കുന്നതായിരുന്നു ആ കത്ത് ഇത്രമാത്രം അവളുടെ മനസ്സിൽ താൻ ഉണ്ടായിരുന്നു എന്ന് അവൻ തന്നെ ചിന്തിച്ചു പോയിരുന്നു അത്രയ്ക്ക് മനോഹരമായ കത്തിൽ തന്നെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നത്..  റിയയുടെ കൈയിലായി അവൾ കൊടുത്തുവിട്ട ഓരോ ചെറിയ സമ്മാനങ്ങളും അവൻ എടുത്തു നോക്കിക്കൊണ്ടേയിരുന്നു അതൊക്കെ തന്നോട് വാചാലമാകുന്നത് പോലെ അവന് തോന്നി ഇതുവരെ തോന്നാത്ത ഒരു പ്രത്യേകമായ അനുഭൂതി അവനെ വലയം ചെയ്തിരുന്നു തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരുവളെ അവൻ ആ സമ്മാനങ്ങളിലും കത്തിലും ഒക്കെ നേരിട്ട് കണ്ടു..

ഇത്രയും അരികിൽ തന്നെ ചങ്ക് പറിച്ച് സ്നേഹിക്കുന്ന ഒരു ഉണ്ടായിട്ടും താനത് അറിഞ്ഞില്ല അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു അതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് അവന് തോന്നി. അന്നൊക്കെ അവൾ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും താൻ സ്നേഹത്തോടെ ഒന്ന് സംസാരിക്കാൻ വേണ്ടി തന്നെ ആർദ്രമായി ഒരു നോട്ടത്തിനു വേണ്ടി ഇന്ന് അവളിൽ നിന്നും താൻ അതൊക്കെ ഒരുപാട് ആഗ്രഹിക്കുന്നു.

പിറ്റേന്ന് ഉണർന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു അവിടെ വച്ചാണെങ്കിൽ അവൾ ഒപ്പം ഉണ്ടാകും പ്രത്യേകിച്ച് അവളെ വിളിക്കേണ്ട കാര്യമൊന്നുമില്ല എന്നാൽ ഇന്നവന് അവളെ വിളിക്കാതെ സാധിക്കില്ല എന്ന് അവസ്ഥയായി ഉടനെ തന്നെ ഫോൺ എടുത്ത് അവളെ വിളിച്ചു.. വലിയമ്മച്ചിക്ക്  കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചാണ് തുടങ്ങിയത് അവസാനം അവളുടെ വിശേഷങ്ങൾ കൂടി അറിഞ്ഞാണ് ഫോൺ സംഭാഷണം അവസാനിച്ചത്.

അന്ന് കുറച്ച് അധികം സമയം വീട്ടുകാർക്കൊപ്പം ഇരുന്നതിനു ശേഷം കൂട്ടുകാരെ കൂടി കാണാനായി അവൻ പോയിരുന്നു ഇതിനിടയിൽ അനീറ്റ നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞ അവളെ കാണുവാനായി ശ്വേതയും പോയിരുന്നു അനിയത്തിയിൽ നിന്നാണ്  റിയ സാമിനെ പിരിഞ്ഞതിന്റെ യഥാർത്ഥ കാരണങ്ങളൊക്കെ അവൾ അറിഞ്ഞത്. സാമുമായി പ്രണയത്തിൽ ആയിരിക്കുന്ന സമയത്ത് തന്നെ നേഴ്സിങ് പഠിക്കുന്ന സമയത്ത് ഒപ്പം പഠിച്ച വിദ്യാർത്ഥിയുമായി റിയ പ്രണയത്തിലായിരുന്നു എന്നും ഇത് പലതവണ സാമിനെ അനീറ്റയുടെ സഹോദരൻ അറിയിച്ചിരുന്നു എന്നുമാണ് അവൾ പറഞ്ഞത് എന്നാൽ ഒന്നും വിശ്വസിക്കാൻ അവൻ തയ്യാറായിരുന്നില്ല. അവസാനം എല്ലാം അറിഞ്ഞപ്പോൾ വല്ലാതെ തന്നെ സാം വിഷമിച്ചിരുന്നു എന്നും ഒരു മാസക്കാലം അവൻ മദ്യത്തിലാണ് അഭയം പ്രാപിച്ചിരുന്നത് എന്നും കൂടി അറിഞ്ഞതോടെ അവളുടെ ഉള്ളിൽ വല്ലാത്തൊരു വേദന ഉറഞ്ഞു കൂടി.

അനിറ്റയുടെ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു ശ്വേതയ്ക്ക്..  എന്നാൽ അവൾ ഒരു കാര്യം മാത്രം അവളിൽ നിന്നും ഒളിപ്പിച്ചു, തന്റെ മനസ്സിൽ ഉണ്ടെന്നുള്ള ആ ഒരു കാര്യം. അനീറ്റയുടെ  സഹോദരനും സാമം തമ്മിൽ അത്രത്തോളം സൗഹൃദമാണ് ഇനി ഒരിക്കലും തനിക്ക് അവനോട് ഒരു പ്രണയം ഉണ്ടെന്ന് അവൻ അറിയരുത് എന്ന് നിർബന്ധം ശ്വേതക്കുണ്ടായിരുന്നു. ഇനി ഒരിക്കൽ കൂടി തന്റെ പ്രണയം അവൻ തന്നിലൂടെ അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.. ശ്വേതയെ കണ്ടപ്പോഴേക്കും വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു എന്നും ചേട്ടന്റെ കല്യാണത്തിന് ക്ഷണിക്കാൻ ആണെന്ന് ഒക്കെ പറഞ്ഞിരുന്നു. രജിസ്റ്റർ മാരേജ് ആയാണ് നടത്തുന്നത് എന്നും അതുകൊണ്ട് അടുത്ത ആഴ്ച വീട്ടിൽ ഒരു പാർട്ടിയുണ്ട് അതിന് തീർച്ചയായും എത്തണമെന്ന് പറഞ്ഞിട്ടാണ് അനീറ്റ അവളെ യാത്ര അയച്ചത്.

തിരികെ പോകും വഴി അവൾ വെറുതെ സ്കൂളിൽ ഒന്ന് കയറിയിരുന്നു ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരമാണ് അവിടെ കയറി പ്രിൻസിപ്പൽ ആയ ഫാദറിനെ കണ്ട് ഒരുപാട് നേരം സംസാരിച്ചു ഒരു കാലത്ത് പ്രൗഢിയോടെ ഉയർന്നു നിന്ന ആ സ്കൂള് ഇന്ന് ദാരിദ്ര്യത്തിലേക്ക് ചെറുതായി കൂപ്പു കുത്തിയത് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. സ്കൂളിന്റെ അവസ്ഥകളെക്കുറിച്ച് ഒക്കെ ഫാദർ അവളോട് പറയുകയും ചെയ്തു എല്ലാം കേട്ടപ്പോൾ അവളുടെ മനസ്സ് വല്ലാതെ വിഷമിച്ചിരുന്നു കയ്യിൽ ഉണ്ടായിരുന്ന ചെക്ക് ലീഫിൽ നിന്നും അപ്പോൾ തന്നെ നല്ലൊരു തുക അവൾ എഴുതി ഒപ്പിട്ട് ഫാദറിന്റെ കൈയിലേക്ക് കൊടുത്തു. അത് കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു

” അയ്യോ മോളെ ഞാൻ ഇതിനു വേണ്ടിയല്ല നിന്നോട് ഇതൊന്നും പറഞ്ഞത്. നീ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥി അല്ലേ അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ

” ഫാദർ പറഞ്ഞതുകൊണ്ട് അല്ല, എനിക്കെല്ലാം കേട്ടപ്പോൾ ഒരു സമാധാനവുമില്ല ഇത് തരാതെ പോയ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഒരു വലിയ തെറ്റാവും എന്ന് എനിക്ക് തോന്നി,.. പിന്നെ ഒരിക്കൽ ഒരുപാട് ആഗ്രഹമുണ്ടായിട്ടും സ്കൂളിൽ നിന്നും ടൂർ പോകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു പൈസയുടെ ബുദ്ധിമുട്ട് കൊണ്ട് ടൂർ പോകാതിരിക്കാൻ പറഞ്ഞാൽ ഒരു പ്രിൻസിപ്പൽ ഉണ്ടായിരുന്നു, അതിന്റെ ഒന്നും വില ഇതിനൊന്നുമില്ല…

പറഞ്ഞപ്പോൾ അവളും ഇടറി പോയിരുന്നു, യാത്ര പറയുന്നതിനു മുൻപ് ഫാദറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ മനസ്സറിഞ്ഞ് തന്നെയാണ് അധ്യാപകൻ അവളെ അനുഗ്രഹിച്ചത്…

തിരികെ ഇറങ്ങിയപ്പോൾ കവലയിൽ നിന്ന് സുഹൃത്തുക്കളുമായി സംസാരിക്കുന്ന സാമിനെയാണ് അവൾ കണ്ടത് അവളെ കണ്ടപ്പോഴേക്കും അവനിലും വല്ലാത്തൊരു സന്തോഷം നിറഞ്ഞിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ അവൻ അവൾക്കൊപ്പം നടക്കാനായി അവൾക്ക് അരികിലേക്ക് എത്തിയിരുന്നു..

”  ഞാൻ തന്നെ ഒന്ന് വിളിക്കാൻ ഇരിക്കുകയായിരുന്നു,അപ്പഴാ കണ്ടത് എവിടെ പോയതാ …?

” ഞാൻ അനീറ്റയെ ഒന്ന് കാണാൻ വേണ്ടി പോയതാ, തിരിച്ചു വന്നപ്പോൾ ഒന്ന് സ്കൂളിൽ കൂടി കയറാമെന്ന് കരുതി… കൂട്ടുകാരന്റെ കല്യാണം ക്ഷണിച്ചില്ലേ..?

” നമ്മുടെ അടുത്ത ആളുകളുടെ എന്തെങ്കിലും പരിപാടിക്ക് ക്ഷണിക്കേണ്ട കാര്യമില്ലല്ലോ,എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ സ്വന്തം എന്ന് തോന്നുന്ന ആളുകളെ ക്ഷണിക്കാൻ ഒന്നും നോക്കിയിരിക്കില്ല കേറി അങ്ങ് ചെല്ലും.

ചിരിയോട് സാം പറഞ്ഞു.

” പപ്പയ്ക്ക് എങ്ങനെയുണ്ട്

” പപ്പാ ഹാപ്പി ആയിട്ട് ഇരിക്കുന്നു..! തിരിച്ചു നമുക്ക് കൊച്ചിയ്ക്ക് പോയാൽ പോരെ,  അവിടുന്ന്  ട്രെയിന് പോകാം,

“ആയിക്കോട്ടെ,

“സാമേ…

പുറകിൽ നിന്നും ഒരാൾ വിളിച്ചത് കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് നോക്കിയപ്പോൾ അജുവാണ് സാമിന്റെ അടുത്ത സുഹൃത്താണ് അവൻ. അനീറ്റയുടെ സഹോദരൻ

” കല്യാണ ചെറുക്കൻ എത്തിയല്ലോ,

അവന്റെ തോളിൽ പിടിച്ചു കൊണ്ട് സാം പറഞ്ഞു ശ്വേത അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

” എങ്കിൽ ഞാൻ പോട്ടെ,

” ശരി താൻ വിട്ടോ..  ഞാൻ വിളിക്കാം

സാം അങ്ങനെ പറഞ്ഞപ്പോൾ ശ്വേതയ്ക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു അത്രമാത്രം അധികാരം ഉള്ള ഒരാൾ പറയും പോലെ..

ശ്വേത പോകുന്ന വഴിയിൽ തന്നെ നോക്കി നിൽക്കുന്ന സാമിനെ ഒരു സംശയത്തോടെയാണ് അജു നോക്കിയത് ,

” എന്താടാ നിന്റെ നോട്ടത്തിന് ഒരു വശപ്പിശക് പോലെ, ഒരു കുഴിയിൽ ചെന്ന് ചാടിയത് ഓർമ്മയുണ്ടല്ലോ നിനക്ക് മതിയായില്ലേ

അജു ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞപ്പോൾ സാം അജുവിന്റെ മുഖത്തേക്ക് നോക്കി.

” നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്,

” എന്താടാ

” കുറച്ച് അധികം കാര്യങ്ങൾ നിന്നോട് ഞാൻ പണ്ട് പറയാത്ത കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്

ഗൗരവമേറിയ എന്തോ കാര്യമാണ് അവന് പറയാനുള്ളത് എന്ന് അജുവിനും തോന്നിയിരുന്നു രണ്ടുപേരും കൂടി നേരെ പുഴയുടെ ഓരത്തേക്കാണ് പോയത്, ആദ്യമായി ശ്വേത തന്നോട് ഇഷ്ടം പറഞ്ഞതും അതിന് കാരണമായത് അനീറ്റ ആണെന്നതും എല്ലാം തന്നെ ആദ്യം മുതൽ അവൻ അജുവിനോട് തുറന്നു പറഞ്ഞു. 

” ഇതൊന്നും നീയെന്താ പറയാതിരുന്നത്..?

” അതൊരു കൊച്ചുകൊച്ച് അല്ലേടാ ഞാൻ കാരണം ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി പറയാതിരുന്നത്, പിന്നെ നീ ഇതിന്റെ പേരിൽ അനീറ്റയെ എന്തെങ്കിലും വഴക്കു പറഞ്ഞാലും ഒന്നും എനിക്ക് ഒരു പേടിയുണ്ടായിരുന്നു. 

” അന്ന് നിനക്ക് അവളെ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ നിനക്ക് അവളെ ഇഷ്ടമാണെന്നാണോ നീ പറയുന്നത്

” അജു ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്കെപ്പോഴും മനസ്സിലായിട്ടില്ല അന്നും ഇന്നും എനിക്ക് അവളോട് ഒരു ഇഷ്ടക്കുറവും ഇല്ല. പക്ഷേ ഇന്നത്തെ ഇഷ്ടത്തിന് ഒരു അല്പം കൂടുതലുണ്ട്, ഒരിക്കൽ ഞാൻ മനസ്സിലാക്കാതെ പോയ ഇഷ്ടം എന്ന് എനിക്ക് അവളോട് ഉണ്ട്, പക്ഷേ ഞാൻ തുറന്നു പറയില്ല അതിനുള്ള ധൈര്യം എനിക്കില്ല, പക്ഷേ എനിക്ക് അവളെ നഷ്ടപ്പെടാനും വയ്യ,

നിസ്സഹായതയോടെ സാം പറഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അജുവും നിന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!