" "
Novel

ഏയ്ഞ്ചൽ: ഭാഗം 35

രചന: സന്തോഷ് അപ്പുകുട്ടൻ

കടപ്പുറത്ത് നിൽക്കുന്ന അരുണിനെയും ലക്ഷ്യമാക്കി,ഏയ്ഞ്ചലിൻ്റെ വേഗതയേറിയ ഓട്ടം കണ്ട്, പിരിഞ്ഞു തുടങ്ങിയിരുന്ന ആളുകൾ വീണ്ടും കടൽ തീരത്തേക്ക് മടങ്ങി വന്നു.

“എന്താ റോയ്… അവൾ കാർ നിർത്തി ഓടി പോയത്?”

മുന്നിൽ നിർത്തിയിരുന്ന കാറിൽ നിന്ന് പൊടുന്നനെ ചാടിയിറങ്ങി ഫിലിപ്പോസ് റോയ് ഫിലിപ്പിൻ്റെ അരികെ വന്നു ചോദിച്ചപ്പോൾ, അയാൾ അറിയില്ലെന്ന അർത്ഥത്തിൽ ശിരസ്സിളക്കി.

” കടലിൽ വീണ ആ ചെക്കനെ തിരികെ കിട്ടിയോ?”

ഫിലിപ്പോസിൻ്റെ പിന്നിലായ് വന്ന മേരി ചോദിച്ചപ്പോൾ
റോയ്ഫിലിപ്പ് ഇല്ലെന്നു തലയാട്ടി.

“ഇന്നലെ വൈകുന്നേരം തുടങ്ങിയ തിരച്ചിൽ ഇന്നു പുലരും വരെ നീണ്ടു നിന്നിട്ടും അയാളെ കണ്ടെത്താനായില്ല… ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന് പറഞ്ഞാണ് വന്ന പോലീസുക്കാരും, തീരത്തു കൂടിയിരുന്നവരും പിരിഞ്ഞു പോയത് ”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും. മേരി ഫിലിപ്പോസിനെ ഒന്നു നോക്കി.

” പക്ഷെ വീണ്ടും കടലിൽ പോയി തിരയണമെന്ന് പറഞ്ഞ് പോലീസുകാരോടൊക്കെ ഭയങ്കര വഴക്കായിരുന്നു ഏയ്ഞ്ചൽ.
എം.എൽ.എ ഇടപെട്ട് അവളെ കാര്യങ്ങൾ പറഞ്ഞ് സമാധാനിച്ചപ്പോഴാണ് അവൾ ശാന്തമായത്.. അതുവരെ അലറുന്ന കടൽ പോലെ ആയിരുന്നു ഏയ്ഞ്ചൽ ”

റോയ്ഫിലിപ്പ് പറഞ്ഞു നിർത്തിയതും, ഉള്ളിലുയർന്ന ആകുലതയോടെ മേരി, ഫിലിപ്പോസിൻ്റെ കൈ പിടിച്ചതും, അയാൾ ധൃതിയിൽ ഓടുന്ന ഏയ്ഞ്ചലിനെ നോക്കി പതിയെ തലയാട്ടി.

“തീരത്തുള്ളവരും, പോലീസും മടങ്ങിയപ്പോൾ തന്നെ നിനക്ക് അവളെയും കൊണ്ടു പെട്ടെന്ന് തിരിച്ചു വരാമായിരുന്നില്ലേ? അതിനു പകരം കള്ളും കുടിച്ചു ഇവിടെ തന്നെ നിന്നത് എന്തിനാണ്?”

റോയ്ഫിലിപ്പിൻ്റെ വാടിയ മുഖത്ത് നോക്കി ഫിലിപ്പോസ് ദേഷ്യത്തോടെ ചോദിച്ചതും, അയാളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു.

” ബലം പിടിച്ച് കൂട്ടികൊണ്ടു വരാൻ ഏയ്ഞ്ചൽ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ? ബുദ്ധിയും, ചിന്തയും, സ്വപ്നങ്ങളും, സങ്കൽപ്പങ്ങളും ഒക്കെയുള്ള ഒരു പൂർണതയിലെത്തിയ സ്ത്രീ ആണ് ഏയ്ഞ്ചൽ ”

റോയ്ഫിലിപ്പിൻ്റെ ഉറച്ച സംസാരം കേട്ടതും, ഫിലിപ്പോസ് അവനെ സൂക്ഷിച്ചു നോക്കി.

“നീ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല റോയ്.. കാര്യമെന്തായാലും തെളിച്ചു പറ”

“തെളിച്ചു പറയാനും, കാര്യങ്ങൾ മനസ്സിലാക്കാനും ഒന്നുമില്ല അങ്കിൾ.. ഏയ്ഞ്ചലിന് എന്നെ ഇഷ്ടമാണെങ്കിൽ നിറഞ്ഞ മനസ്സോടെ അവൾ എൻ്റെ കൂടെ വരട്ടെ…. അല്ലെങ്കിൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ച്, അവളുടെ കൂടെ ഞാനും നിൽക്കും”

ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് റോയ് ഫിലിപ്പ് സീറ്റിലേക്ക് ചാരി കിടക്കുമ്പോൾ, അയാളുടെ മനസ്സിൽ ഇന്നലെ വൈകീട്ട് മുതൽ ഈ നിമിഷം വരെയുള്ള ഏയ്ഞ്ചലിൻ്റെ കണ്ണീരോടെയുള്ള മുഖമായിരുന്നു… അവളുടെ വേദനകളും, യാചനകളുമായിരുന്നു!

ആദിയെ രക്ഷിക്കാൻ വേണ്ടി,സ്വന്തം നിലമറന്ന്, സുബോധം നഷ്ടപ്പെട്ടവളെ പോലെ എല്ലാവരുടെയും മുന്നിൽ ദയനീയതയോടെ കൈകൂപ്പി നിൽക്കുന്ന അവളുടെ ചിത്രം മനസ്സിൽ തെളിഞ്ഞതും, ഒരു പുഞ്ചിരിയോടെ റോയ്ഫിലിപ്പ് നിശബ്ദമായി കിടക്കുന്ന കടലിലേക്ക് കണ്ണയച്ചു.

പ്രണയം അത് എപ്പോൾ തുടങ്ങുന്നതെന്നും, അവസാനിക്കുന്നതും എന്ന് ആർക്കും അറിയില്ല.,,,

കണ്ണിനു നേരെ കണ്ടു കൂടാത്തവർ പോലും ഒരു മാത്ര കണ്ടു പോയാൽ, ഒരു ചുഴിയിലേക്ക് എന്നതു പോലെ വട്ടം കറങ്ങി പ്രണയത്തിലേക്ക് താഴ്‌ന്നു പോകും.

അതാണ് പ്രണയത്തിൻ്റെ മാസ്മരികത…

അങ്ങിനെയുള്ള ഒരു മിന്നലാട്ടം ഏയ്ഞ്ചലിൻ്റെ കണ്ണുകളിൽ തെളിഞ്ഞതുപോലെ സംശയം തോന്നിയപ്പോൾ തൊട്ട് ഈ റോയ്ഫിലിപ്പ് അവളെ പതിയെ മറക്കാൻ ശ്രമിക്കുകയാണ്…

ഒരു പെണ്ണ് നമ്മളെ സ്നേഹിക്കുന്നില്ലെന്നറിഞ്ഞിട്ടും, ആ സ്നേഹത്തിനു വേണ്ടി യാചിച്ചും, പ്രലോഭിച്ചും, ഭീഷണിപ്പെടുത്തിയും അവളുടെ പിന്നാലെ നടക്കുന്ന പുരുഷൻമാരെക്കാൾ വലിയ വിഡ്ഢികളില്ല ഈ ലോകത്ത്!

ഒരിക്കലും അതിക്രമിച്ച് കയറാൻ പറ്റാത്ത, ഒരു ചെറുസമ്മതമെങ്കിലും കിട്ടിയെങ്കിൽ മാത്രം അകത്ത് കയറാൻ പറ്റുന്ന ഒരു അത്ഭുത നിലവറയാണ് പെണ്ണിൻ്റെ മനസ്സ്…..

അത് അറിയാത്ത വിഡ്ഢിയൊന്നുമല്ല ഈ ഡോക്ടർ റോയ്ഫിലിപ്പ്.

” ആവശ്യത്തിലധികം കള്ളും വാരിവലിച്ചു കേറ്റി,നീ ഇങ്ങിനെ പാതി ചത്ത പൂച്ചയുടെ പോലെ ഓരോന്നും പിറുപിറുത്തു ഇരിക്കാതെ, അവളെ എന്തെങ്കിലും പറഞ്ഞൊക്കെ കൂട്ടികൊണ്ടു പോകാൻ നോക്ക് .. വൈകുന്ന ഓരോ നിമിഷവും അപകടമാണെന്ന് എൻ്റെ മനസ്സു പറയുന്നു.”

ഫിലിപ്പിൽ നിന്നുയർന്ന ശബ്ദത്തിൽ ആകുലത നിറഞ്ഞതും, റോയ്ഫിലിപ്പ് അയാളെ നോക്കി ഒരു വിളറിയ ചിരിയുതിർത്തു.

” അത്രയും അധികാരത്തിൽ ഏയ്ഞ്ചലിനെ ഇവിടെ നിന്നു കൊണ്ടുപോകാൻ ഞാൻ അവളുടെ ഭർത്താവൊന്നും അല്ലല്ലോ?. പിന്നെ ഇതുവരെയും ഒരു ഫ്രണ്ട് എന്ന ബന്ധത്തിനപ്പുറത്ത് മറ്റൊരു സ്വാതന്ത്ര്യവും അവൾ എനിക്ക് അനുവദിച്ച് തന്നിട്ടുമില്ല. അതുകൊണ്ടു തന്നെ അവളുടെ കാര്യത്തിൽ ഇടപെടാൻ
ഒരു ഫ്രണ്ടായ എനിക്ക് ചില പരിമിതികളുണ്ട് അങ്കിൾ….”

റോയ്ഫിലിപ്പിൻ്റെ നിർവികാരമായ സംസാരം കേട്ടതും, മേരി നിരാശയോടെ ഫിലിപ്പോസിനെ നോക്കി.

” എന്നെക്കാൾ അധികാരം നിങ്ങൾക്കാണെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ? ഏയ്ഞ്ചലിൻ്റെ പപ്പയും, മമ്മയും ആണ് നിങ്ങൾ.. ഒരിക്കലും അറുത്തുമാറ്റാൻ പറ്റാത്ത ബന്ധം.ആ ബന്ധത്തിൻ്റെ അധികാരം വെച്ച് നിങ്ങൾ തന്നെ വിളിച്ചു നോക്ക്.അതാ നല്ലത് ”

അത്രയും പറഞ്ഞു കൊണ്ട് റോയ്ഫിലിപ്പ് സീറ്റിൽ ചാരി കിടന്ന് കണ്ണടച്ചതും, ഫിലിപ്പോസ് പ്രതീക്ഷയറ്റവനെ പോലെ മേരിയെ നോക്കി.

“നിങ്ങൾ ഇങ്ങിനെ കുന്തം വിഴുങ്ങിയവനെ പോലെ നിൽക്കാതെ എന്തെങ്കിലും ഉണർന്ന് പ്രവൃത്തിക്കൂ മനുഷ്യാ… പടിക്കലെത്തി കലമുടക്കുന്ന അവസ്ഥ ഇല്ലാതിരിക്കാനാ ഞാൻ ഈ പറയുന്നത് ”

മേരിയുടെ വേവലാതി നിറഞ്ഞ വാക്കുകൾ കേട്ടതും, ഫിലിപ്പോസ് അവരുടെ തോളിൽ പതിയെ കൈ അമർത്തി.

“നീ സമാധാനിക്ക് മേരീ. നീ വിചാരിക്കും പോലെ,
പടിക്കലെത്തി കുടമുടയ്ക്കുന്ന വെറും വിഡ്ഢിയല്ല ഈ കുരിശിങ്കൽ ഫിലിപ്പോസ്.. എന്ത്, എപ്പോൾ, എങ്ങിനെ ചെയ്യണമെന്ന് ഈ ഫിലിപ്പോസിന് നല്ലതുപോലെ അറിയാം.. ”

ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ഫിലിപ്പോസ് തൻ്റെ കാറിനു നേർക്ക് നോക്കിയതും, അലക്സി,ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അയാൾക്കു നേരെ നടന്നടുത്തു.

അലക്സിയുടെ കാതിൽ ഫിലിപ്പോസ് സ്വകാര്യം പറഞ്ഞതും, ഒരു പുഞ്ചിരിയോടെ അവൻ പൂഴിമണലിലൂടെ ഓടുന്ന ഏയ്ഞ്ചലിനെ നോക്കി പതിയെ തലയാട്ടി, അവൾക്കു പിന്നാലെ നടന്നു.

“രാമേട്ടാ… ഒരിക്കൽ കൂടി നമ്മൾക്ക് കടലീപോണം രാമേട്ടാ”

നടന്നു നീങ്ങുന്ന രാമേട്ടൻ തൊട്ടരികെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയതും, അയാളുടെ കണ്ണുകൾ അമ്പരപ്പോടെ ചുരുങ്ങി.

“മോൾ… ഇതുവരെ പോയില്ലേ?”

രാമേട്ടൻ, കണ്ണു തുടച്ചു കൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചതും, അവൾ അയാളെ കെട്ടിപിടിച്ചു.

” ഇല്ല രാമേട്ടാ… എനിക്ക് അങ്ങിനെ പെട്ടെന്ന് ഈ തീരത്ത് നിന്ന് പോകാൻ തോന്നുന്നില്ല.. ആരെയോ ഒറ്റക്കാക്കി പോകുന്നതു പോലെ… ആരോ എന്നെ കരച്ചിലോടെ പിന്നിൽ നിന്നു വിളിക്കുന്നതു പോലെ ”

“മോളേ… ”

രാമേട്ടൻ്റെ നെഞ്ചിൽ നിന്നു ഒരു കരച്ചിൽ കിതപ്പോടെ പുറത്തുവന്നു.

“അതെ രാമേട്ടാ… ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങളില്ലേ രാമേട്ടാ… എൻ്റെ വിശ്വാസം ആദി ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്നാണ്.അവരൊക്കെ
പറഞ്ഞതുപോലെ ആദി മരിച്ചെന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല”

ഏയ്ഞ്ചലിൻ്റെ ഇടറുന്ന വാക്കുകൾ കേട്ടതും, എന്തുപറയണമെന്നറിയാതെ രാമേട്ടൻ വിങ്ങിപൊട്ടി കൊണ്ടു ചുറ്റും നോക്കി.

തീരത്ത് കൂടിനിന്നവർ തങ്ങൾക്കരികിലേക്ക് വരുന്നത് കണ്ട് രാമേട്ടൻ പെട്ടെന്ന് കണ്ണു തുടച്ചു.

“പ്രതീക്ഷകളൊക്കെ
അവസാനിച്ച് എം.എൽ.എയും, പോലീസും, ഈ തീരത്ത് കൂടി നിന്നവരിൽ ഭൂരിഭാഗവും പോയ സ്ഥിതിക്ക്… മോളുടെ ഈ പ്രതീക്ഷ വെറുതെയല്ലേ?”

രാമേട്ടൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, ഏയ്ഞ്ചലിൻ്റെ കണ്ണു നനഞ്ഞു തുടങ്ങി.

“എനിക്കിപ്പോഴും ഒരിറ്റ് പ്രതീക്ഷയുണ്ട് രാമേട്ടാ.. തന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന നേരിയ പ്രതീക്ഷയിൽ, അടുത്തെത്തി ചേർന്ന മരണവുമായി മല്ലിട്ടു കൊണ്ട് ആദി ഇപ്പോഴും കടലിൽ കിടക്കുന്നുണ്ടെന്ന്.”

ഏയ്ഞ്ചൽ പ്രതീക്ഷയോടെ പറഞ്ഞതും, രാമേട്ടൻ്റെ കണ്ണുകൾ യാന്ത്രികമായി ആഴകടലിലേക്കു നീണ്ടു.

” ആഴകടലിലെ ഓളങ്ങളും, തിരയിളക്കങ്ങളും കാരണം നിങ്ങൾക്ക് അധികദൂരം തിരയാൻ പറ്റിയില്ലായെന്നല്ലേ രാമേട്ടൻ പറഞ്ഞത് ”

പറയുന്നത് പാതിയിൽ നിർത്തി ഏയ്ഞ്ചൽ സങ്കടത്തോടെ ആഴകടലിലേക്ക് നോക്കി.

” മഴയും, കാറ്റും, തിരയിളക്കവും കൊണ്ട് ഭീതിദമായ ആ രാത്രിയിൽ നിങ്ങളുടെ സെർച്ച് ലൈറ്റ് ചെന്നെത്തുന്ന ഇടത്തിന് തൊട്ടപ്പുറത്തെ കൂരിരുട്ടിൽ ആദി, നിങ്ങൾ പരത്തിയ പ്രകാശവും കണ്ട്, ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലോ?”

ഏയ്ഞ്ചലിൻ്റെ ഇടറിയ ചോദ്യം കേട്ടപ്പോൾ, വല്ലാത്തൊരു ഞെട്ടലോടെ രാമേട്ടൻ നെഞ്ചിൽ കൈവെച്ചു.

“നിങ്ങൾ ഉതിർത്ത പ്രകാശം പതുക്കെ പതുക്കെ പിൻതിരിഞ്ഞു പോകുമ്പോൾ, അതുവരെ ജീവിതം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന ആ മനുഷ്യൻ്റെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുമോ രാമേട്ടന്.. ആ അവസ്ഥയിലും, അകന്നകന്ന് പോകുന്ന വെളിച്ചത്തിലേക്ക് ഒന്നു തല കാണിക്കാൻ, ഞാൻ ഇവിടെ തന്നെയുണ്ട് എന്ന് ബോധ്യപ്പെടുത്താൻ, തളർന്ന കൈകാലുകളുമായി നീന്തി പാതിയിലെത്തി കുഴഞ്ഞു നിൽക്കുന്ന മനുഷ്യൻ്റെ ആ
അവസ്ഥ എത്ര ദയനീയമാണെന്ന് അറിയോ രാമേട്ടന്?
തൻ്റെ ജീവിതം പോൽ, അകന്നകന്നു പോകുന്ന ആ വെളിച്ചത്തെയും നോക്കി, തനിക്കും, ആ വെട്ടത്തിനും ഇടയിലുണ്ടായിരുന്ന ഇത്തിരി ഇരുട്ടുമറയെ എത്ര ശപിച്ചിട്ടുണ്ടായിരിക്കാം.. ”

കുത്തിയൊഴുകുന്ന
പെരുംമഴ പോലെയുള്ള ചോദ്യങ്ങൾ ഏയ്ഞ്ചലിൽ നിന്നുതിർന്നു വീണപ്പോൾ, ഒന്നും സംസാരിക്കാനാകാതെ രാമേട്ടൻ ഏയ്ഞ്ചലിനെ നോക്കി നിന്നു.

ഏയ്ഞ്ചൽ പറഞ്ഞതൊക്കെ തീർത്തും ശരിയാണെന്ന് തോന്നിയപ്പോൾ രാമേട്ടൻ്റെ വിറയാർന്ന കൈകൾ അവളുടെ ശിരസ്സിൽ പതിയെ വെച്ചു.

“മോൾ പറഞ്ഞതൊക്കെ ശരിയാവാനാണ് സാധ്യത.
അതൊന്നും അന്നേരം ഈ രാമേട്ടൻ ഓർത്തില്ല…”

രാമേട്ടൻ്റെ വാക്കുകൾ ഗദ്ഗദത്തിൽ മുറിഞ്ഞപ്പോൾ നിസ്സഹായനായ അയാൾ തൊട്ടരികെ കണ്ണീരോടെ നിൽക്കുന്ന അരുണിനെ നോക്കി… പിന്നെ ചുറ്റും പ്രതീക്ഷയോടെ നിൽക്കുന്ന ജനങ്ങളെയും.. ഒടുവിൽ ആ നോട്ടം ചെന്നു നിന്നത് നിശബ്ദമായി കിടക്കുന്ന കടലിലേക്കാണ്.

കുറച്ചു നേരം കടലിനെ തന്നെ നോക്കി നിന്ന രാമേട്ടൻ്റെ ചുണ്ടിൽ നിന്നും വാക്കുകൾ
പതിയെ ഉതിർന്നുവീണു തുടങ്ങി.

” ഇനി ഇപ്പോൾ എന്തു ചെയ്യണമെന്ന് ൻ്റെ മോൾ പറയൂ… എന്തിനും ഈ രാമേട്ടൻ ഒരുക്കമാണ്…”

രാമേട്ടൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചലിൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

“ഒരിക്കൽ കൂടി പോകണം രാമേട്ടാ… ആരൊക്കെ എതിർത്താലും നമ്മൾക്ക് പോയേ തീരൂ.. ഇവിടെയുള്ള
ഗാർഡുകളോടു ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. നമ്മൾക്ക് സമയം ഇനി കളയാനില്ല.
അതു കൊണ്ട് ഇപ്പോൾ തന്നെ രാമേട്ടൻ ഒരു വഞ്ചിയും, പോകാനുള്ള ഒന്നു രണ്ട് ആൾക്കാരെയും ശരിയാക്ക്.. അപ്പോഴെക്കും ഞാൻ വരാം ”

അത്രയും പറഞ്ഞുകൊണ്ട് ഏയ്ഞ്ചൽ, അരുണിൻ്റെ കൈയും പിടിച്ച് ധൃതിയിൽ ആദിയുടെ വീട്ടിലേക്ക് നടന്നു..

” മക്കളേ… നമ്മൾക്കൊന്നു കൂടി കടലിൽ പോയി നോക്കാം… പകൽ വെളിച്ചത്തിലുള്ള നമ്മുടെ വരവിനായ് ചിലപ്പോൾ
നമ്മുടെ ആദി ആഴകടലിൽ കാത്തിരിക്കുന്നുണ്ടാകും”

രാമേട്ടൻ്റെ ഉറക്കെയുള്ള, പ്രതീക്ഷ നിറഞ്ഞ വാക്കുകൾ കേട്ടതും,
കടപ്പുറത്ത് കൂടി നിന്നവരുടെ മനസ്സിൽ പ്രതീക്ഷകളുയർന്നു.

നിശബ്ദതയിലാണ്ട
തീരമാകെ ആവേശത്തിൻ്റെ മർമരമുയർന്നു.

അവരുടെ സ്വപ്നങ്ങളെ തകർക്കില്ലായെന്ന ശപഥമെടുത്തതുപോലെ തിരകൾ കടലിലമർന്നു.

അവർ നിറഞ്ഞ മനസ്സോടെ വഞ്ചിയെടുത്ത് തിരകളിൽ കൊണ്ടുവന്നു വെച്ചു.

ബഷീർ തോളിൽ വെച്ചു കൊണ്ടുവന്ന
എഞ്ചിൻ വഞ്ചിയിൽ
ഫിറ്റ് ചെയ്ത് അവർ ഏയ്ഞ്ചലിൻ്റെ വരവിനായ് കാത്തുനിന്നു.

അവരുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തിയും, ഒത്തൊരുമയും കണ്ട് ഫിലിപ്പോസും, മേരിയും, അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ, അലക്സിയുടെ നോട്ടം ഏയ്ഞ്ചലും, അരുണും പോയ വഴിയിലേക്കായിരുന്നു.

നിമിഷങ്ങൾക്കുളളിൽ ഒരു കൈയിൽ
ഡ്രോണും മറുകൈയിൽ അരുണിനെയും പിടിച്ചു വരുന്ന ഏയ്ഞ്ചലിനെ കണ്ടതും, അത്ഭുതം കൂറി നിന്ന ജനക്കൂട്ടം അവർക്കു പോകാൻ വഴിയൊരുക്കി ഇരുവശത്തേക്കും പതിയെ മാറി.

പഴയ തലമുറ, ഏയ്ഞ്ചലിനെയും, ഡ്രോണിനെയും നോക്കി ഒന്നും മനസ്സിലാകാതെ നിന്നപ്പോൾ, പുതിയ തലമുറ അവളെ പ്രോത്സാഹിപ്പിക്കും വിധം അന്തരീക്ഷത്തിലേക്ക് കൈയുയർത്തി.

“നീ എവിടേക്കാ ഈ പോകുന്നതെന്നറിയോ? നിനക്ക് വല്ല ഭ്രാന്തുമുണ്ടോ?”

ഏയ്ഞ്ചലിൻ്റെ ഉദ്യേശം മനസ്സിലായതും, പല്ലിറുമ്മി കൊണ്ടുള്ള ചോദ്യത്തോടൊപ്പം, ഫിലിപ്പോസ് അവളുടെ കുറുകെ കയറി നിന്നു.

“എവിടേയ്ക്കാണ് പോകുന്നതെന്ന് എനിക്കറിയാം പപ്പാ… ദയവായി എന്നെ തടയരുത്. ഒരിക്കലെങ്കിലും, എൻ്റെ ഒരു ആഗ്രഹത്തിനെങ്കിലും തടസ്സം നിക്കാതിരുന്നൂടെ പപ്പാ?”

ഏയ്ഞ്ചൽ കണ്ണീരോടെ ചോദിച്ചതും, ഫിലിപ്പോസ് ആ ചോദ്യത്തിന് ഉത്തരമില്ലാത്തതുപോലെ ചുറ്റും നോക്കി.

“മോളെ… മോൾക്ക് കടലിനെ പറ്റി ശരിക്കും അറിയാതെയാണ് ഈ പറയുന്നത്.. നമ്മുടെ പുഴയും, കായലുമൊന്നുമല്ല ഇത്.. കടലാണ്…, ആർക്കും മുൻകൂട്ടി മനസ്സിലാക്കാൻ പറ്റാത്ത, അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലം.. ”

ഫിലിപ്പോസ് പറയുന്നത് നിർത്തി ചുറ്റും കൂടി നിന്നവരെ നോക്കി.

“നിങ്ങളെങ്കിലും ഇവളെ പറഞ്ഞു മനസ്സിലാക്ക്.. പ്രായത്തിൻ്റെ എടുത്ത് ചാട്ടമാണ് ഇവൾ ഈ കാണിക്കുന്നത് ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും, അവർക്കു ചുറ്റും കൂട്ടം കൂടി നിന്നവർ ഒന്നും പറയാതെ നിശബ്ദതയിലാണ്ടു.

” കടലിനെ അറിഞ്ഞു കൊണ്ടു തന്നെയാണ് പപ്പാ ഞാൻ കടലിലേക്ക് ഇറങ്ങുന്നത്… പിന്നെ ചില മനുഷ്യമനസ്സുകളെക്കാൾ അപകടകാരിയല്ല കടലും, സമുദ്രവും..”

അവൾ പറയുന്നത് നിർത്തി ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി.

” കടലീപോണ പഴയ തലമുറയ്ക്ക് ഈ ഡ്രോൺ എങ്ങിനെ പ്രവർത്തിക്കണമെന്ന് അറിയില്ല. അറിയുന്ന പുതുതലമുറക്കാണെങ്കിൽ ആഴകടലീ
പോകാൻ പേടിയും… അതു കൊണ്ടാണ് ഞാൻ, എൻ്റെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നത്.. അല്ലാതെ ഇവിടെ കൂടിനിൽക്കുന്നവർ നിർബന്ധിച്ചിട്ടല്ല…”

ഏയ്ഞ്ചൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും, ഫിലിപ്പോസ് അവളെ ദയനീയമായി നോക്കി.

“പപ്പയും, മമ്മയും പേടിക്കണ്ട.. ഒരു അപകടവും കൂടാതെ ഞാൻ തിരിച്ചു വരും.. കാരണം കടലിനെ
അറിയുന്ന രാമേട്ടൻ്റയും, കൂടെയുള്ളവരുടെയും കൂടെയാണ് ഞാൻ പോകുന്നത്… ഒരു അപകടവും വരുത്താതെ അവർ എന്നെ നോക്കി കൊള്ളും”

പറയുന്നത് നിർത്തി ഒരു പുഞ്ചിരിയോടെ ഏയ്ഞ്ചൽ ഫിലിപ്പോസിൻ്റെ കൈകളിൽ പിടിച്ചു.

” ഇപ്പോൾ എനിക്ക് ആവശ്യം പപ്പയുടെയും, മമ്മയുടെയും അനുഗ്രഹമാണ്.. കൂടാതെ ഈ തീരത്ത് കൂടി നിൽക്കുന്നവരുടെ പ്രാർത്ഥനയും ”

ഏയ്ഞ്ചലിൻ്റെ ഉറച്ച വാക്കുകൾ കേട്ടതും, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയ ഫിലിപ്പോസ്, തൊട്ടരികെ നിൽക്കുന്ന അലക്സിയെ നോക്കിയതും, അവൻ പതിയെ തലയാട്ടി.

“ഞാൻ കൂടെവരാം ഏയ്ഞ്ചൽ… ഒരു ഡോക്ടറുടെ സേവനം ആവശ്യമാണ് ഈ യാത്രയ്ക്ക് ”

തൊട്ടരികെ നിന്ന
റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ നിഷേധാർത്ഥത്തോടെ തലയാട്ടി.

” ഡോക്ടർ ഇപ്പോൾ നല്ല കണ്ടീഷനിലല്ല… കൂടെ വന്നിട്ട് ബാക്കിയുള്ളവർക്ക് എന്തിനാ വെറുതെ പണിയുണ്ടാക്കുന്നത്? സോറി ”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും ഡോ.റോയ്ഫിലിപ്പ് വല്ലാത്തൊരവസ്ഥയോടെ നാലുപാടുമൊന്നു നോക്കി ഒരു വശത്തേക്കു മാറി നിന്നു…

“പോകുന്നെങ്കിൽ നീ അവരുമായി ഒറ്റയ്ക്കു പോകണ്ട … നമ്മുടെ കൂട്ടത്തിലുള്ള അലക്സി വരട്ടെ നിൻ്റെ കൂടെ… ”

ഫിലിപ്പോസിൻ്റെ ഉറച്ച ശബ്ദത്തിലുള്ള വാക്കുകൾ അവിടെ മുഴങ്ങിയപ്പോൾ ഏയ്ഞ്ചൽ ദയനീയമായൊന്നു അയാളെ നോക്കി.

“നീ നോക്കണ്ട ഏയ്ഞ്ചൽ.. നിൻ്റെ ആവശ്യം എനിക്ക് അംഗീകരിക്കാമെങ്കിൽ എൻ്റെ ഈ ആവശ്യവും നിനക്ക് അംഗീകരിക്കാം”

ഫിലിപ്പോസിൻ്റെ ഉറച്ച തീരുമാനം കേട്ടപ്പോൾ, ഏയ്ഞ്ചൽ എന്തു പറയണമെന്നറിയാതെ ചുറ്റും നോക്കി.

“കുഴപ്പമില്ല മോളെ… ആളും കൂടി പോന്നോട്ടെ”

രാമേട്ടൻ്റെ വാക്കുകൾ കേട്ടതോടെ, ഫിലിപ്പോസ് ഏയ്ഞ്ചലിനു കുറുകെ നിന്ന് മാറി അലക്സിയെ നോക്കി.

” കേട്ടല്ലോ അലക്സീ.. ഏയ്ഞ്ചലിന് ഒന്നും പറ്റാതെ നോക്കേണ്ടത് നീയാ.. ധൈര്യത്തോടെ പോയ് വാ… നിങ്ങൾ വരുന്നതും കാത്ത് ഞാനും, മേരിയും, അരുണും, റോയ്ഫിലിപ്പും ഇവിടെ തന്നെ കാത്തു നിൽക്കുന്നുണ്ടാകും… പിന്നെ നാളെ ക്രിസ്തുമസ് ആണ്.. അതു കൊണ്ടു എത്രയും പെട്ടെന്ന് മടങ്ങി വരാൻ നോക്കുക ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും, അലക്സി തലയാട്ടികൊണ്ടു, തിരകളിൽ ചാഞ്ചാടുന്ന വഞ്ചിക്കരികിലേക്ക് നടന്നു.

” ആ അലക്സീ.. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അപ്പപ്പോൾ തന്നെ വിളിച്ചു പറയണേ.. അവിടെ റേഞ്ച് ഇല്ലെങ്കിൽ റേഞ്ച് കിട്ടുന്ന സ്ഥലത്തുവെച്ച് വിളിച്ചാൽ മതി”

ഫിലിപ്പോസ് അത്രയും പറഞ്ഞു കൊണ്ട് മേരിയെ നോക്കിയതും, ആ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് കണ്ട് അയാൾ പതിയെയൊന്നു പുഞ്ചിരിച്ചു.

തിരകളിൽ ഇളകികൊണ്ടിരുന്ന വഞ്ചിയിലേക്ക് ആദ്യം രാമേട്ടൻ കയറി.. തൊട്ടുപിന്നാലെ അഗസ്റ്റിനും…

എങ്ങിനെ കയറണമെന്ന് അറിയാതെ, ഡ്രോണും പിടിച്ച്
തിരകളിൽ നനഞ്ഞു നിൽക്കുന്ന ഏയ്ഞ്ചലിനെ, അലക്സി എടുത്തുയർത്തി വഞ്ചി പടിയിൽ ഇരുത്തിയ ശേഷം അവനും ചാടി കയറി.

കടൽതിരകളിൽ പെട്ട്
ഇളകുന്ന വഞ്ചിയിലിരുന്നു ഏയ്ഞ്ചൽ, ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടതു പോലെ നിൽക്കുന്ന അരുണിനെ നോക്കിയതും, അവൻ ഓടി വന്ന് അവളുടെ കവിളിൽ ചുണ്ടു ചേർത്തു

” അച്ഛനെ കണ്ടെത്തിയില്ലെങ്കിലും, ഒരു അപകടവും പറ്റാതെ എൻ്റെ മമ്മി ഇവിടേക്ക് വരണം.. ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ടാവും”

അരുണിൻ്റെ പതിഞ്ഞ സ്വരം കേട്ടതോടെ, നെഞ്ചു തകർന്ന ഒരു കരച്ചിൽ തൊണ്ടകുഴിയിൽ എത്തിയതും, അവൾ കൈ കൊണ്ട് വായ് അമർത്തി പിടിച്ചു.

കടൽതിരകളിൽ നനഞ്ഞ് നിൽക്കുന്ന അരുണിനെയും എടുത്ത്, ഏയ്ഞ്ചലിൻ്റെ തോളിലൊന്നു ബലമായി അമർത്തി ജിൻസ് പോയപ്പോൾ, അവൾ കടൽ തീരത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ നോക്കി.

ഒരു മനുഷ്യൻ്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്ന അവരുടെയൊക്കെ കണ്ണിൽ പ്രതീക്ഷയുടെ ഒരു നുറുങ് വെട്ടം ഇപ്പോഴും കാണാം..

അടക്കിപിടിച്ച പ്രാർത്ഥനകൾ കേൾക്കാം..

കൈയുയർത്തി പ്രോത്സാഹിപ്പിക്കുന്നവരുടെ, നിശബ്ദമായ നെഞ്ചിടിപ്പ് മനസ്സിൽ
തൊട്ടറിയാം…

നിശബ്ദമായി കിടക്കുന്ന അന്തരീക്ഷം പോലും തങ്ങളെ അനുഗ്രഹിക്കുന്നതു പോലെ അവൾക്കു തോന്നി..

” പോകാം ബഷീറെ… ”

രാമേട്ടൻ പറഞ്ഞതും, ബഷീർ വഞ്ചി കുറച്ചു ദൂരം കടലിലേക്ക് തള്ളി, വഞ്ചിയിലേക്ക് ചാടി ഇരുന്നു..

ബഷീർ യമഹ സ്റ്റാർട്ടാക്കിയതും, വഞ്ചി കടലിൻ്റെ മാറിലൂടെ കുതിച്ചു പാഞ്ഞു.

തീരത്തു നിൽക്കുന്നവർ കുഞ്ഞുപൊട്ടുകളായി മാറുന്നതും, ഒടുവിൽ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നതും ഏയ്ഞ്ചൽ അത്ഭുതത്തോടെ നോക്കി കണ്ടു….

തിരകൾക്കപ്പുറത്ത് കരയും പോയ്മറഞ്ഞപ്പോൾ, നാലു ദിക്കും വെള്ളത്താൽ ചുറ്റപ്പെട്ട പുതിയയൊരു ലോകത്ത് എത്തിയ പ്രതീതീയായിരുന്നു ഏയ്ഞ്ചലിന്.

എല്ലാവരും ആഴകടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ, അലക്സിയുടെ കണ്ണുകൾ ഏയ്ഞ്ചലിനു നേർക്കായിരുന്നു.

കൊടുങ്കാറ്റിലും അണയാത്ത ഒരു ദീപം പോലെ, ഒരു കുലുക്കമില്ലാതെ
അവൾ ഇരിക്കുന്നത് കണ്ട് അവൻ അത്ഭുതപ്പെട്ടു….

ബഷീർ യമഹയുടെ സ്പീഡ് വർദ്ധിപ്പിച്ചതും, നിശബ്ദമായി കിടക്കുന്ന കടലിൻ്റെ മാറിലൂടെ, വഞ്ചി റോക്കറ്റ് പോലെ
കുതിച്ചു പാഞ്ഞു.

വഞ്ചി മുന്നോട്ടു കുതിക്കുന്നതിനോടൊപ്പം, പിന്നിലേക്ക് പായുന്ന ജല പാളികളെ നോക്കാൻ വേണ്ടി ഏയ്ഞ്ചൽ തിരിഞ്ഞതും, തന്നെ നോക്കി ഇരിക്കുന്ന അലക്സിയെ കണ്ട് അവൾ പെട്ടെന്ന് നോട്ടം മാറ്റി.

ആരുമൊന്നും സംസാരിക്കാത്ത, നിശബ്ദതയിലാണ്ട നിമിഷങ്ങളെ ഭേദിച്ചു കൊണ്ട് എഞ്ചിൻ്റെ മുരൾച്ച മാത്രം അവർക്കു ചുറ്റും മുഴങ്ങികൊണ്ടിരുന്നു.

പൊടുന്നനെ അതുവരെ നിശബ്ദമായി നിന്നിരുന്ന അന്തരീക്ഷം പതിയെ
കറുത്തു തുടങ്ങുന്നത് അവർ അറിഞ്ഞു.

ശുഭ്രാകാശത്ത്, പതിയെ കാർമേഘങ്ങൾ പടർന്നു തുടങ്ങി.

എവിടെ നിന്നോ വന്ന ഒരു ചുഴലികാറ്റിൽ, കടൽ നിരപ്പിലിരുന്ന പക്ഷികൾ പറന്നുയരാൻ കഴിയാതെ വട്ടംചുറ്റി കടലിലേക്കു തന്നെ വീണു.

ആകാശത്ത് നിന്ന് മഴതുള്ളികൾ കടലിൻ്റെ മാറിലേക്കു വീണു തുടങ്ങിയിരുന്നു.

കടലിൽ നിന്ന് പതിയെ തിരകൾ ഉയരാൻ തുടങ്ങിയതും, ആ
തിരകളിൽ പെട്ട് വഞ്ചി ഇളകി തുടങ്ങിയപ്പോൾ അലക്സി പരിഭ്രാന്തിയോടെ ചുറ്റും നോക്കി.

ചുറ്റും കടലിനടിതട്ടിൽ നിന്നും അംസംഖ്യം തിരകളുയരുന്നത് കണ്ട അലക്സി പേടിയോടെ
കണ്ണുകൾ മുറുകെ അടച്ചു.

ആകാശവും, കടലും പഴയ സ്ഥിതിയിലേക്ക് മാറുന്നതെന്നറിഞ്ഞ വഞ്ചിയിലിരുന്നവർ, പ്രാർത്ഥനയോടെ നെഞ്ചിലേക്ക് കൈവെച്ചു ആഴകടലിലേക്കു നോക്കി.

ഭീമൻ വെള്ളിഅരഞ്ഞാണം പോലെ ആഴകടലിൽ നിന്നു തിരയുയരുന്നത് നോക്കി അവർ ഭീതിയോടെ നിന്നു.

ഒരു ഭാവഭേദവുമില്ലാതെ,
ചുണ്ടിലുയരുന്ന പ്രാർത്ഥനയോടെ
ഏയ്ഞ്ചലിൻ്റെ കൈവിരലുകൾ, തൻ്റെ കഴുത്തിൽ കിടക്കുന്ന
കുരിശു രൂപത്തെ തഴുകി

കരയെ ലക്ഷ്യമാക്കി വരുന്ന തിരകൾക്കു പിന്നിൽ ഒന്നൊന്നായി കൂറ്റൻ തിരകളുയരുന്നത് കണ്ട്, പതർച്ചയോടെ അവർ പരസ്പരം നോക്കിയപ്പോൾ,
ഏയ്ഞ്ചലും, രാമേട്ടനും മാത്രം ഒരു ഭാവമാറ്റവുമില്ലാതെ പ്രതീക്ഷയോടെ ചക്രവാളത്തിലേക്ക്
നോട്ടമയച്ചു.

കടലിൽ പ്രകൃതി കലിതുള്ളാൻ തുടങ്ങിയ നിമിഷം തന്നെ, തീരത്തേക്ക് സൈറണിട്ട പോലീസുജീപ്പുകൾ കുതിച്ചെത്തി..

ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ പോലീസ് തീരത്ത് കൂട്ടംകൂടി നിൽക്കുന്നവരുടെ അടുത്തേക്ക് ഓടിയെത്തിയതും, ലാത്തിവീശിയതും ഒരുമിച്ചായിരുന്നു.

അടികൊണ്ട് തലങ്ങും, വിലങ്ങും ചിതറിയോടുന്നവരിൽ നിന്ന് ഒരാളെ പിടിച്ച് എസ്.ഐ.രഘുനന്ദൻ തെങ്ങിനോട് ചേർത്തു പിടിച്ചു അമർത്തി.

“നിന്നോടൊന്നും പച്ച മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകില്ല അല്ലേ? എത്ര പ്രാവശ്യം പറഞ്ഞതാ.. നിന്നോടൊന്നും കടൽതീരത്തേക്കു വരരുതെന്നും, കടലിലേക്ക് ഇറങ്ങരുതെന്നും.. അതൊന്നും കേൾക്കാതെ വീണ്ടും… ”

പറയുന്നതിനോടൊപ്പം രഘുനന്ദൻ്റെ ലാത്തി അയാളുടെ തുടയിൽ ആഞ്ഞു പതിച്ചതും, അയാൾ ജീവനും കൊണ്ട് ഓടി…

കലിയടങ്ങാതെ രഘുനന്ദൻ ഓടിചെന്ന് ജീപ്പിലുണ്ടായിരുന്ന മൈക്രോഫോൺ എടുത്തു ചുണ്ടോടു ചേർത്തു.

“രണ്ടു ദിവസം ആരും കടൽതീരത്ത് വരാനോ കടലിൽ ഇറങ്ങാനോ പാടില്ല.. കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.. തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കുക ”

രഘുനന്ദൻ പറഞ്ഞു തീരുമ്പോേഴേക്കും, തീരത്ത് നിൽക്കുന്ന തെങ്ങിൻ തലപ്പുകളെ കുത്തിയൊടിച്ചു കൊണ്ട് വലിയൊരു കാറ്റ് വീശി… അതോടൊപ്പം ദൂരെ നിന്ന് മഴ ശബ്ദം കേട്ടതും, രഘുനന്ദനും, മറ്റു പോലീസുകാരും ഓടി ജീപ്പിലേക്ക് കയറി…

ജീപ്പ് വളരെ വേഗതയിൽ തീരത്ത് നിന്ന് പോയതും, ചിതറിയോടിയവർ വീണ്ടും തീരത്ത് ഒത്തുചേർന്നു.

ആർത്തലച്ചു വന്ന മഴയിൽ കുളിച്ച് അവർ പ്രതീക്ഷയോടെ കടലിലേക്ക് നോക്കിയപ്പോൾ, മദം പൊട്ടി, തീരത്തെ വിഴുങ്ങാനെന്ന പോലെ വരുന്ന തിരകളെ കണ്ട് അവർ പരിഭ്രാന്തിയോടെ പരസ്പരം നോക്കി നിന്നു………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"