കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് ജനുവരി 9 വരെ തുടരാം
കോഴിക്കോട്ടെ ഡിഎംഒ തർക്കത്തിൽ ട്വിസ്റ്റ്. ഡോ. എൻ രാജേന്ദ്രന് കോഴിക്കോട് ഡിഎംഒ ആയി തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മാസം 9 വരെ തൽസ്ഥിതി തുടരാമെന്നാണ് വിധി. കേസ് വീണ്ടും ജനുവരി 9ന് പരിഗണിക്കും.
രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ. രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയുഷ് എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഡിസംബർ 9നാണ് കോഴിക്കോട് ഡിഎംഒ അടക്കമുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്
ഡോ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ആശാ ദേവിയെ കോഴിക്കോട് ഡിഎംഒ ആയും സ്ഥലം മാറ്റം നൽകിയതിന് പിന്നാലെയാണ് തർക്കങ്ങൾ ആരംഭിച്ചത്.
ഡിസംബർ 10ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. ആശാദേവി ചുമതലയേറ്റു. എന്നാൽ സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോ. രാജേന്ദ്രൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ സമീപിച്ച് സ്റ്റേ നേടി. ആശാ ദേവി തിരുവനന്തപുരത്ത് പോയ 13ന് രാജേന്ദ്രൻ ഓഫീസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. ഇതോടെ ആശ ദേവി അവധിയിൽ പ്രവേശിച്ചു
സ്റ്റേ ഉത്തരവിനെതിരെ ആശദേവി ട്രൈബ്യൂണലിനെ സമീപിച്ചു. അടിസ്ഥാന അവകാശങ്ങൾ ലംഘിക്കാതെ ഒരു മാസത്തിനുള്ളിൽ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദേശം നൽകി. ഇതോടെ തനിക്ക് അനൂകൂല ഉത്തരവുണ്ടെന്ന് അറിയിച്ച് ആശാദേവി വീണ്ടും ഓഫീസിലെത്തി. എന്നാൽ താനാണ് ഡിഎംഒ എന്ന നിലപാടിലായിരുന്നു ഡോ. രാജേന്ദ്രൻ.