ഒടുവില്‍ ലീഗിന്റെ വിരട്ടലില്‍ അടിയറവ് പറഞ്ഞ് സമസ്ത നേതാക്കള്‍
ഖേദപ്രകടനത്തിന് തയ്യാറാണെന്ന് സമസ്തയിലെ ലീഗ് വിരുദ്ധര്‍
മാപ്പ് പറയില്ലെന്നും പറയാന്‍ മാത്രം ഒന്നും ചെയ്തില്ലെന്നുമുള്ള നിലപാടില്‍ നിന്ന് മാറി സമസ്തയിലെ ലീഗ് വിരുദ്ധര്‍. ഖേദപ്രകടനം പൊതു സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ആവശ്യം പൂര്‍ണമായും അംഗീകരിച്ച് വാര്‍ത്താ കുറിപ്പിലൂടെയാണ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്ത് വിട്ട് വീഴ്ചക്കും തയ്യാറാണെന്നും സംഘടനാ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമം തുടര്‍ന്ന് വരികയാണെന്നും ലീഗ് വിരുദ്ധരായ നേതാക്കള്‍ വ്യക്തമാക്കി.
ചില പ്രസംഗങ്ങളില്‍ ഉണ്ടായ പരാമര്‍ശങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടിയില്‍ സാദിഖലി തങ്ങള്‍ക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങള്‍ കാരണമാവുകയും ചെയ്തതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
യോഗത്തില്‍ ധാരണയായ പ്രകാരം തുടര്‍ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്ന് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത മുശാവറ മെമ്പര്‍ വാക്കോട് മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടരിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചു.
സംഘടനാ രംഗത്തെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്‍കയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചര്‍ച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. ചില പരാമര്‍ശങ്ങില്‍ സാദിഖലി തങ്ങള്‍ക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതില്‍ സങ്കടമുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചിരുന്നു. ചര്‍ച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാല്‍, പിന്നീട് താന്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി അമ്പലക്കടവും ഉമര്‍ ഫൈസിയും നിലപാട് എടുക്കുകയായിരുന്നു. ഇതോടെയാണ് ഖേദം പരസ്യമായി പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.