സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി വിചാരണ കോടതി സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്. കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു
നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ കുമാർ. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും കെട്ടുറപ്പിനെയും ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു
ഡൽഹി സരസ്വതി വിഹാറിലാണ് 1984 നവംബർ 1ന് ജസ്വന്ത് സിംഗ്, മകൻ തരുൺ ദീപ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തത്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.