National

വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശിക്കാൻ ആപ്പ്; ഒടിപി ചോർത്തി തട്ടിപ്പ്: ഇതിനോടകം നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശനം നൽകാൻ സഹായിക്കാനെന്ന പേരിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ലോഞ്ച് പാസ് എന്ന പേരിൽ ആപ്പ് അവതരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനകം ഇന്ത്യയിലെ 450 യാത്രക്കാരിൽ നിന്നായി 9 ലക്ഷത്തിലധികം രൂപ കവർന്നതായാണ് വിവരം. സൈബർ സുരക്ഷാ കമ്പനിയായ ക്ലൗഡ്എസ്ഇകെ ആണ് ഈ വിവരം പുറത്തുവിട്ടത്. വിവിധ ക്രെഡിറ്റ് കാർഡുകളാണ് എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നത്.

വാട്സപ്പ് വഴിയാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. ലോഞ്ച് പാസിൻ്റെ ലിങ്ക് വാട്സപ്പിലൂടെ അയക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പരും എസ്എംഎസിലേക്കുള്ള ആക്സസും അടക്കം തട്ടിപ്പുകാർക്ക് ലഭിക്കും. ഇതോടെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ഫോണിലേക്ക് വരുന്ന ഒടിപി അടക്കം ആക്സസ് ചെയ്യാൻ തട്ടിപ്പുകാർക്ക് കഴിയും. പുറത്തുവന്ന വിവരങ്ങളെക്കാൾ അധികമാണ് തട്ടിപ്പിൻ്റെ വ്യാപ്തി എന്നാണ് വിവരം. ലോഞ്ച് പാസ് എന്ന പേരിൽ ഒന്നിലധികം വ്യാജ ആപ്പുകളും ഡൊമൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ വിദഗ്ദർ പറയുന്നു.

അടുത്തിടെ തനിക്ക് 87,000 രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഒരു യാത്രക്കാരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തട്ടിപ്പിനെപ്പറ്റി ആളുകൾ അറിയുന്നത്. പുറത്തുവന്നത് ഒരാളുടെ അനുഭവമാണെങ്കിലും മറ്റ് പലർക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം. ക്ലൗഡ് എസ്ഇകെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 450 യാത്രക്കാർക്ക് തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്. ഈ യാത്രക്കാരൊക്കെ തങ്ങളുടെ മൊബൈൽ ഫോണുകളിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇവരിൽ നിന്നായി ഈ കാലയളവിൽ 9 ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. മൊബൈൽ ഫോണിലെ എസ്എംഎസ് വിവരങ്ങൾ സ്വന്തമാക്കി, അതിൽ നിന്ന് ഒടിപി ചോർത്തിയാണ് സംഘത്തിൻ്റെ തട്ടിപ്പ് രീതി.

Related Articles

Back to top button