നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പ്രധാനാധ്യാപിക; ജാതി അധിക്ഷേപത്തിൽ കേസെടുത്തു

ആലപ്പുഴ പേർകാട് എംഎസ്സി എൽപി സ്‌കൂളിൽ ജാതി അധിക്ഷേപമെന്ന് പരാതി. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. നാലാം ക്ലാസ് വിദ്യാർഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ അമ്മ ഹരിപ്പാട് പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും നൽകിയ പരാതി നൽകി
ഒരു ദിവസം മുഴുവൻ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ജൂൺ 18ന് സ്‌കൂളിൽ നിന്ന് തിരികെ വന്ന കുട്ടിയുടെ കൈയിലെ പാടുകൾ കണ്ട് ചോദിച്ചപ്പോൾ ഗ്രേസി ടീച്ചർ തന്നെ അടിക്കുകയും കവിളിൽ കുത്തുകയും കൈയിൽ പിച്ചുകയും ചെയ്‌തെന്നുമാണ് മകൻ പറഞ്ഞതെന്നും മകൻ കറുമ്പനാണെന്നും കറുത്ത് കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നതെന്നും നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലയെന്നും പ്രധാനാധ്യാപിക പറഞ്ഞെന്നും അമ്മ പരാതിയിൽ പറയുന്നു.
പിറ്റേദിവസം രാവിലെ സ്‌കൂളിൽ ചെന്ന് ഗ്രേസി ടീച്ചറോട് എന്തിനാണ് മകനെ ഉപദ്രവിച്ചത് എന്ന് ചോദിച്ചപ്പോൾ മറ്റുള്ളവർ കേൾക്കെ വളരെ ഉച്ചത്തിൽ നീയൊക്കെ പുലയരല്ലേ താൻ ഇനിയും ഇതുപോലെ കാണിക്കുമെന്നും നീയൊക്കെ എവിടെവേണമെങ്കിലും പരാതി കൊടുത്തോളൂ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു. തനിക്ക് കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്നും അവർ പറഞ്ഞു. മുമ്പ് പലതവണ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. മറ്റ് അധ്യാപകർ പറഞ്ഞതിനാലാണ് അന്ന് പരാതി നൽകാതിരുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.