ശ്രീനഗർ വിമാനത്താവളത്തിൽ ആർമി ഉദ്യോഗസ്ഥൻ സ്പൈസ്ജെറ്റ് ജീവനക്കാരെ ആക്രമിച്ചു; കേസെടുത്തു

ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് ഒരു ആർമി ഉദ്യോഗസ്ഥൻ നാല് സ്പൈസ്ജെറ്റ് ജീവനക്കാരെ മർദ്ദിച്ചതായി റിപ്പോർട്ട്. ജൂലൈ 26-നാണ് സംഭവം നടന്നതെന്നും, ഇതിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചു.
അമിത ലഗേജിന്റെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഉദ്യോഗസ്ഥൻ അനുവദനീയമായ 7 കിലോയേക്കാൾ കൂടുതൽ (16 കിലോ) കൈവശം വെച്ചിരുന്നു. അധിക ലഗേജിനുള്ള നിരക്ക് അടയ്ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, ഇയാൾ രോഷാകുലനായി നാല് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
അക്രമത്തിൽ ജീവനക്കാർക്ക് നട്ടെല്ലിനും താടിയെല്ലിനും ഗുരുതരമായ പരിക്കേറ്റതായി സ്പൈസ്ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഒരാൾ ബോധരഹിതനായി നിലത്തുവീണ ശേഷവും ഉദ്യോഗസ്ഥൻ മർദ്ദനം തുടർന്നു. തുടർന്ന് സ്ഥലത്തെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സംഭവത്തിൽ സ്പൈസ്ജെറ്റ് പോലീസിൽ പരാതി നൽകുകയും, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. യാത്രക്കാരനെ ‘നോ-ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും സ്പൈസ്ജെറ്റ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ സൈന്യം അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.