ഫെഫ്കയിൽ നിന്ന് ആഷിക് അബു രാജിവെച്ചു; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
മലയാള സിനിമ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചാണ് ആഷിക് അബുവിന്റെ രാജി. ഹേമ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചു കൊണ്ടും പ്രതിഷേധിച്ച് കൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി ആഷിക് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു
തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആഷിക് ആരോപിക്കുന്നു. 20 ശതമാനം കമ്മീഷന് വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക്പോരുണ്ടായി. നിർബന്ധപൂർവം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നെന്നും ആഷിക് അബു പറഞ്ഞു
സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാൻ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിക് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മൾ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോൾ ലഭിക്കുന്ന പ്രതികരണം. റിപ്പോർട്ടിന്മേൽ അക്കാദമിക് ആയ ചർച്ച വേണമെന്നാണ് അവർ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിക് അബു പറഞ്ഞു.