കസേര ഇടാന്‍ പോലും ഞാന്‍ കലോത്സവത്തിലെത്തിയിട്ടില്ലെന്ന് ആസിഫ്; എന്റെ മൂന്ന് പോയിന്റ് ആസിഫ് അടിച്ചെന്ന് ടൊവിനോ
ചിരിപടര്‍ത്തിയും ആവേശം വിതറിയും കലോത്സവ വേദിയില്‍ യുവ താരങ്ങള്‍
സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ ചിരി പടര്‍ത്തിയും ആവേശം വിതറിയും മലയാളത്തിന്റെ സൂപ്പര്‍ യുവ താരങ്ങളെത്തി. ടൊവിനോ തോമസും ആസിഫ് അലിയുമാണ് കൗമാര വിസ്മയം തീര്‍ത്ത കലാകാരന്മാരെ അഭിനന്ദിക്കാനെത്തിയത്. സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ ഇരുവരും വേദിയെ ഒന്നടങ്കം കയ്യിലെടുക്കുകയും ചെയ്തു.
കസേര പിടിച്ചിടാന്‍ പോലും കലോത്സവത്തിന് കയറിയിട്ടില്ലാത്ത താന്‍ വളരെ അഭിമാനത്തോടെയാണ് ഇവിടെ നില്‍ക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞപ്പോള്‍ ഞാന്‍ പ്രസംഗിക്കാന്‍ കരുതിവെച്ച പ്രസംഗത്തിലെ മൂന്ന് പോയിന്റുകള്‍ ആസിഫ് അടിച്ചുമാറ്റിയെന്ന് തമാശ രൂപേണ ടൊവിനോയും പറഞ്ഞു.
ഇത്തരമൊരു വലിയ വേദിയിലെത്തിയത് സിനിമ തന്ന ഭാഗ്യമാണെന്നും കലയിലൂടെ നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടണമെന്നും ആസിഫ് പറഞ്ഞു. വിജയികളായ തൃശൂര്‍ ടീമിന് നാളെ ഇറങ്ങുന്ന തന്റെ സിനിമയായ രേഖാചിത്രം സൗജന്യമായി കാണാനാകുമെന്ന സന്തോഷവാര്‍ത്തയും ആസിഫ് അലി പങ്കുവെച്ചു.
കലാമേള ഗംഭീരമായി സംഘടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ടൊവിനോ തോമാസ് പ്രസംഗം തുടങ്ങിയത്. മുന്‍കൂട്ടി തയ്യാറാക്കി പ്രസംഗം നടത്തുന്ന ശീലം തനിക്കില്ലെന്ന് ടൊവിനോ പറഞ്ഞു. താന്‍ പറയാന്‍ വിചാരിച്ചതില്‍ മൂന്ന് പോയിന്റ് ആസിഫ് പറഞ്ഞു എന്ന് ടൊവിനോ പറഞ്ഞപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു ദിവസം അവധി ലഭിക്കും എന്നതിനപ്പുറം കലോത്സവുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ തിരഞ്ഞെടുത്തത് കലയായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണെന്നും ടൊവിനോ പറഞ്ഞു.