World
റഷ്യൻ ആണവ സംരക്ഷണ മേധാവിയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
റഷ്യൻ ആണവായുധ സംരക്ഷണ സേനാ വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റഷ്യ. യുക്രൈന്റെ പ്രത്യേക സേന വിഭാഗമാണ് തന്നെ ദൗത്യത്തിന് നിയോഗിച്ചതെന്ന് പിടിയിലായ വ്യക്തി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി റഷ്യൻ അന്വേഷണസംഘത്തിന്റെ വക്താവായ സ്വറ്റ്‌ലാന പെട്രോങ്കോ പറഞ്ഞു
യുക്രൈൻ ഏജൻസികളുടെ നിർദേശപ്രകാരം മോസ്‌കോയിലെത്തിയ കൊലയാളിക്ക് വീട്ടിൽ നിർമിച്ച ഒരു സ്‌ഫോടക ഉപകരണം നൽകി. ഇത് കിറിലോവ് താമസിച്ച കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ സ്ഥാപിക്കുകയായിരുന്നു.
പിടിയിലായ വ്യക്തി ഒരു കാർ വാടകക്ക് എടുത്ത് അതിൽ ക്യാമറ സ്ഥാപിച്ച് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ സംപ്രേഷണം ചെയ്തിരുന്നു. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ 29കാരനാണ് പിടിയിലായത്. പേരുവിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല.