പൊതുവഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും; എംവി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
പൊതുവഴി തടസ്സപ്പെടുത്തിയതുമായുള്ള കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, വഞ്ചിയൂർ, സെക്രട്ടേറിയറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം
ഫെബ്രുവരി 10ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സിപിഎം ംസസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് അടക്കുള്ള നേതാക്കൾക്കെതിരെ വഞ്ചിയൂരിൽ റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു.
നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം വിഷയങ്ങൾ ലഘുവായി എടുക്കാനാകില്ല. ഇത്തരത്തിൽ റോഡ് കയ്യേറിയും മറ്റ് സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു.