യുവാവിൽ നിന്ന് ആതിരക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നു; പ്രതിയ്ക്കായി തെരച്ചിൽ ഊർജിതം
തിരുവനന്തപുരം കഠിനംകുളത്ത് വീടിനുള്ളിൽ കയറി യുവതിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിരയാണ്(30) കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആതിര ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച പറഞ്ഞിരുന്നു
ആതിര കൊല്ലപ്പെട്ടതിന് ശേഷമാണ് രാജീവ് ഇക്കാര്യം അറിയിച്ചത്. ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാതിരുന്നതെന്നും രാജീവ് പറഞ്ഞു. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നത് പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിന് മൊഴി നൽകി
ആതിരയുമായി സൗഹൃദത്തിലായിരുന്നുവെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സ്‌കൂട്ടറുമെടുത്താണ് പ്രതി രക്ഷപ്പെട്ടത്. സ്‌കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന്റെ പകയിലാകാം കൊലപാതകമെന്നാണ് സംശയം