ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ കത്തിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് കുണ്ടുങ്ങലിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെട്രോളുമായി എത്തിയ ഭർത്താവ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ പുറത്തുണ്ടായിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു. നൗഷാദ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഭാര്യ ജാസ്മിൻ നൽകിയ മൊഴി.
ചൊവ്വാഴ്ച ജാസ്മിനെ കാണാൻ അവരുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിയതെന്ന് ജാസ്മിൻ പറയുന്നു. മുഖത്തടക്കം അടിച്ചു പരുക്കേൽപ്പിച്ചു. കത്തി കൊണ്ട് നെറ്റിയിൽ പോറൽ ഏൽപ്പിച്ചു
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരികെ എത്തിയപ്പോൾ പെട്രോൾ നിറച്ച കുപ്പിയുമുണ്ടായിരുന്നു. ഭയം കൊണ്ട് വാതിൽ തുറന്നില്ല. ഇതോടെയാണ് മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്‌കൂട്ടർ കത്തിച്ചത്. മുമ്പും നൗഷാദിൽ നിന്ന് ഇത്തരം ക്രൂരതകൾ അനുഭവിക്കേണ്ടി വന്നതായും ജാസ്മിന്റെ പരാതിയിൽ പറയുന്നു.