ബേബി ഓഫ് രഞ്ജിത, കെയർ ഓഫ് കേരള: മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

കൊച്ചിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് 23 ദിവസമായി ലൂർദ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ബേബി ഓഫ് രഞ്ജിത എന്ന മേൽവിലാസത്തിലാണ് ചികിത്സിച്ചിരുന്നത്
കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് ജാർഖണ്ഡിലേക്ക് കടന്നത്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഒരു മാസത്തോളം തുടർ ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്നാണ് സർക്കാർ സംരക്ഷണം ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്
ജനുവരി 31നാണ് ജാർഖണ്ഡ് സ്വദേശിനിക്ക് കുഞ്ഞ് ജനിച്ചത്. അണുബാധയെ തുടർന്ന് അമ്മയെ ജനറൽ ആശുപത്രിയിലും കുഞ്ഞിനെ ലൂർദ് ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. അച്ഛൻ ഇടക്കിടെ കുഞ്ഞിനെ വന്ന് കാണുമായിരുന്നു. എന്നാൽ അമ്മ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നേടിയതോടെ ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച് ജാർഖണ്ഡിലേക്ക് കടന്നു.