മംഗളൂരുവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബജ്‌റംഗ് ദൾ നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ് ദൾ നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സൂറത്കൽ ഫാസിൽ വധക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെട്ടത്.
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു ബജ്‌പേ കിന്നിപടവു എന്ന സ്ഥലത്ത് വെച്ച് ഇന്നലെ രാത്രിയാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. കൊലക്കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ്
ഫാസിൽ വധക്കേസിൽ ജാമ്യത്തിലായിരുന്നു. 2022 ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെടുന്നത്. ബജ്‌റംഗ് ദളിന്റെ ഗോ സംരക്ഷണ വിഭാഗം നേതാവായിരുന്നു അന്ന് സുഹാസ്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.