വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ബംഗ്ലാദേശ് മോഡൽ അറസ്റ്റിൽ

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. നടിയും മോഡലുമായ ശാന്ത പോൾ(28)ആണ് അറസ്റ്റിലായത്. ബംഗ്ലാദേശ് വിമാന കമ്പനിയിൽ കാബിൻ ക്രൂ അംഗമായും ഇവർ ജോലി ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശ് പാസ്‌പോർട്ട് ഉപയോഗിച്ച് 2023ലാണ് ഇവർ ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഇരുവരും കൊൽക്കത്തയിൽ ഫ്‌ളാറ്റെടുത്ത് താമസം ആരംഭിച്ചു. ഫ്‌ളാറ്റ് വാടകക്ക് എടുക്കാൻ വ്യാജ ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐഡിയും നൽകി.
രണ്ട് വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ട് വർഷമായി ഇവർ തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും ശാന്ത പോൾ പങ്കെടുത്തിട്ടുണ്ട്.