ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിൽ

ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യംവിട്ട വിവാദ വ്യവസായി മെഹുൽ ചോക്‌സി ബെൽജിയത്തിൽ പിടിയിൽ. ഇന്ത്യക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പോലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയാണ് മെഹുൽ ചോക്‌സി. ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവൻ കൂടിയാണ് മെഹുൽ ചോക്‌സി
വജ്രവ്യാപാരിയായ മെഹുൽ ചോക്‌സി ഭാര്യ പ്രീതിക്കൊപ്പം ബെൽജിയത്തിലെ ആന്റ് വെർപ്പിൽ താമസിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മെഹുൽ ചോക്‌സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചോക്‌സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ഭാര്യ പ്രീതി ചോക്‌സി ബെൽജിയം പൗരയാണ്. മെഹുൽ ചോക്‌സി കാൻസർ ബാധിതനാണെന്നും റിപ്പോർട്ടുണ്ട്.