ബി ജെ പി ഭരിക്കുന്ന അസമില്‍ ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ്. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി നിരോധിക്കുന്നതായി അസം സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ച സംസ്ഥാന കാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന്മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ”ആസാമില്‍, ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു ഞങ്ങളുടെ തീരുമാനം, എന്നാല്‍ ഇപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ റസ്റ്റോറന്റിലോ നിങ്ങള്‍ക്ക് ഇത് കഴിക്കാന്‍ കഴിയില്ല, ”മുഖ്യമന്ത്രി ശര്‍മ്മ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പ്രഖ്യാപനത്തിന് ശേഷം, അസം മന്ത്രി പിജൂഷ് ഹസാരിക, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം റീട്വീറ്റ് ചെയ്യുകയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു, ”ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ ഞാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നു അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി താമസിക്കണമെന്നു അദ്ദേഹം ആക്രോശിച്ചു. സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ശര്‍മ്മ നേരത്തെ സൂചന നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, കോണ്‍ഗ്രസ് രേഖാമൂലം അഭ്യര്‍ത്ഥന നല്‍കിയാല്‍ അസമില്‍ ബീഫ് കഴിക്കുന്നത് നിരോധിക്കുന്നതിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള സമഗുരി മണ്ഡലത്തില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പാക്കാന്‍ ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന് ആരോപിച്ച് റാക്കിബുള്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ പ്രസ്താവന. മണ്ഡലത്തില്‍ ബി ജെ പി വിജയിക്കുകയും ചെയ്തിരുന്നു.