കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്ക്; വിൽപ്പനക്കായി സർക്കാർ അനുമതി നൽകി
കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്‌കോയ്ക്ക് അനുമതി നൽകി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്‌സൈസ് വകുപ്പിനെ സമീപിച്ചിരുന്നു
കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയ തോതിൽ മദ്യം വാങ്ങി കൊണ്ടുപോകുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്‌സൈസ് കമ്മീഷണർ ലക്ഷദ്വീപ് ഭരണകൂടവുമായി ചർച്ച നടത്തി. മദ്യവിൽപ്പന ബെവ്‌കോയ്ക്ക് വരുമാനമുണ്ടാക്കുന്ന വിലയിരുത്തലിലാണ് അനുമതി തേടി സർക്കാരിന് കത്ത് നൽകിയത്
എക്‌സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സർക്കാർ ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവിൽപ്പന നടത്താൻ അനുമതി നൽകി. ഇനി ലക്ഷദ്വീപ് ഭരണകൂടം ഏതൊക്കെ ബ്രാൻഡ് വേണം, എത്ര രൂപക്ക് മദ്യം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ ബെവ്‌കോ എഡിക്ക് നൽകണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്‌സൈസിൻറെ പ്രത്യേക അനുമതിയും വേണം. ഈ നടപടി പൂർത്തിയാക്കിയാൽ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളിൽ നിന്നും മദ്യം നൽകും.