മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറം; ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്: പികെ ശശികല

മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറമാണ് വിവേചനം നിലവിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പികെ ശശികല. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പികെ ശശികലയുടെ വിവാദ പരാമര്‍ശം. വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ശശികല പറഞ്ഞു.
മലപ്പുറത്താണ് വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ച് ശശികല വാര്‍ത്ത സമ്മേളനം നടത്തിയത്. സത്യം പറഞ്ഞതിന്റെ പേരില്‍ ആരും ക്രൂശിക്കപ്പെടരുതെന്നുള്ളതുകൊണ്ടാണ് ഹൈന്ദവവേദിയുടെ അവിഭാജ്യഘടകമായ വെള്ളാപ്പള്ളിയ്ക്ക് ശക്തമായ പിന്തുണയുമായി തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറമാണ് വിവേചനം നിലവിലുള്ളത്. മലപ്പുറം വേറെ രാജ്യമെന്നതാണ് സത്യം. മാപ്പിളലഹളയെ അതിജീവിച്ചവര്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ പറഞ്ഞിട്ടില്ല. ഹൈന്ദവ സമൂഹത്തിന്റെ അവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ പക്ഷപാതം ഉണ്ടായിട്ടുണ്ടെന്നും മുസ്ലിം ലീഗ് ആണ് വിദ്യാഭാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നതെന്നും പറഞ്ഞ ശശികല യാഥാര്‍ഥ്യം പുറത്ത് വരാതിരിക്കാന്‍ പുകമറ സൃഷ്ടിക്കുന്നുവന്നും ശശികല ആരോപിച്ചു.