കേരളത്തിന്റെ 351 റൺസിനെതിരെ ബാറ്റേന്തിയ ബിഹാർ 64 റൺസിന് പുറത്ത്; ഫോളോ ഓൺ

രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെ കേരളം ശക്തമായ നിലിൽ. ഒന്നാമിന്നിംഗ്സിൽ ബിഹാർ 23.1 ഓവറിൽ 64 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഫോളോ ഓൺ വഴങ്ങുകയും ചെയ്തു. രണ്ടാമിന്നിംഗ്സിൽ 10 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ് ബിഹാർ. കേരളം ഒന്നാമിന്നിംഗ്സിൽ 351 റൺസ് എടുത്തിരുന്നു.
എട്ട് വിക്കറ്റുകൾ ശേഷിക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബിഹാറിന് ഇനിയും 260 റൺസ് കൂടി വേണം. 7.1 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയാണ് ബിഹാറിനെ തകർത്തത്. എംഡി നിധീഷ് രണ്ടും വൈശാഖ് ചന്ദ്രൻ, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റും നേടി.
21 റൺസെടുത്ത ശ്രമൺ നിഗ്രോധമാണ് ബിഹാറിന്റെ ടോപ് സ്കോറർ. ആയുഷ് ലോഹാരുക 13 റൺസും ഗുലാം റബ്ബാനി 10 റൺസുമെടുത്തു. നേരത്തെ 150 റൺസെടുത്ത സൽമാൻ നിസാറിന്റെ മികവിലാണ് കേരളം ഒന്നാമിന്നിംഗ്സിൽ 351 റൺസ് എടുത്തത്. മത്സരം ജയിച്ചാൽ കേരളത്തിന് ക്വാർട്ടൽ ഫൈനൽ ഉറപ്പിക്കാം.