National

കളി കാര്യമായപ്പോള്‍ ബീരേന്‍ സിംഗിനെ കൈവിട്ട് ബിജെപി; മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട നീക്കം

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കറായ സത്യബ്രത സിംഗിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അവിശ്വാസപ്രമേയം തള്ളില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബീരേൻ സിംഗിന്റെ രാജിക്ക് ബിജെപി നേതൃത്വം വഴങ്ങിയത്

സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായും ബിജെപി ചർച്ച ആരംഭിച്ചു. മണിപ്പൂരിൽ സംഘർഷം രണ്ട് വർഷത്തിലേക്ക് എത്തുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരേൻ സിംഗ് രാജിവെച്ചത്. ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമായിരുന്നു രാജി.

ബീരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാർട്ടിയിൽ നിന്നടക്കം ആവശ്യമുയർന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം ആദ്യമേ സ്വീകരിച്ചിരുന്നത്. ബജറ്റ് സമ്മേളനം നടക്കാനിരിക്കെ കോൺഗ്രസ് അവിശ്വാസ പ്രമേയം നൽകുമെന്ന് അറിയിച്ചിരുന്നു. ഭരണകക്ഷി എംഎൽഎമാരിൽ നിന്നും അവിശ്വാസ പ്രമേയത്തിന് പിന്തുണ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇപ്പോൾ തിടുക്കപ്പെട്ട് രാജി തേടിയത്

മണിപ്പൂർ കലാപത്തിൽ ബീരേൻ സിംഗിന് പങ്കുണ്ടോയെന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻ സിംഗിന്റെ ചില ഓഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് പരിശോധന ഫലം കൂടി വരാനിരിക്കെയാണ് നാടകീയ രാജി.

Related Articles

Back to top button
error: Content is protected !!