ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ; കേരളത്തിലുൾപ്പെടെ വിൽക്കാൻ നീക്കം
ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ. കേരളത്തിലുൾപ്പെടെ ഓൺലൈൻ ലോട്ടറി വിൽക്കാനാണ് നീക്കം. കേരളത്തിൽ വിൽപ്പന നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ ലോട്ടറി നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം കത്തയച്ചത്.
ഓൺലൈൻ ലോട്ടറികളുടെ ചതിക്കുഴി ആദ്യം തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം.ഇതിനെത്തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഓൺലൈൻ ലോട്ടറി വിൽപ്പന നിരോധിച്ചത്. വൻകിട ചൂതാട്ട കമ്പനികളുമായി നിയമയുദ്ധം നടത്തി സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടുകയും ചെയ്തു.എന്നാൽ കേരളത്താൽ ഓൺലൈൻ ലോട്ടറി വിൽക്കാനുള്ള നീക്കത്തിലാണ് ബിജെപി ഭരിക്കുന്ന ഗോവ സർക്കാർ. റിതി സ്പോർട്സ് ദുസാൻ ഇൻഫോടെക്ക് എന്നീ സ്വകാര്യ കമ്പനികളുമായി ചേർന്നാണ് ഗ്രേറ്റ് ഗോവ ഗയിംസ് എന്ന പേരിൽ ഓൺലൈൻ ലോട്ടറി ആരംഭിച്ചത്. ഇതിലുള്ള എതിർപ്പ് കേരളം കേന്ദ്ര സർക്കാറിനെ അറിയിച്ചു.ഓൺലൈൻ ലോട്ടറി നിരോധനം നിലവിലുള്ള കേരളത്തിൽ ഗോവ ലോട്ടറിയുടെ വിൽപ്പന നിരോധിക്കണമെന്നാണ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്.ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഓൺലൈൻ ലോട്ടറി ചതിക്കുഴിയെന്ന് ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം വി ജയരാജൻ ചൂണ്ടിക്കാട്ടി
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ കാലത്ത് ഗോവ ഓൺലൈൻ ലോട്ടറി ആരംഭിച്ചത് തട്ടിപ്പ് മാഫിയകൾക്ക് സഹായകരമാകും. ഗോവയുടെ ഓൺലൈൻ ലോട്ടറിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുന്നത് വൻകിട കമ്പനികൾക്ക് വേണ്ടിയാണെന്നും വിമർശനം ഉയരുന്നുണ്ട്. ലോട്ടറി രാജാവായ സാൻഡിയാഗോ മാർട്ടിൻ്റെ സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ്ങ് ഇലക്ട്രൽ ബോണ്ട് വഴി 1368 കോടി രൂപ ബി ജെ പി ക്ക് സംഭാവന നൽകിയതും ഈ ഘട്ടത്തിൽ ചർച്ചയാവുകയാണ്.