Kerala
അന്തിമഹാകാളൻകാവ് വേലക്കെതിരെ വിദ്വേഷ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റിൽ

തൃശ്ശൂർ ചേലക്കര അന്തിമഹാകാളൻകാവ് വേലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെയാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പങ്ങാരപ്പിള്ളി ദേശക്കാരൻ എന്ന വാട്‌സാപ് ഗ്രൂപ്പിൽ അനൂപ് മങ്ങാട് എന്ന പേരിൽ വേലക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നു.
സംഭവത്തിൽ വേല കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പരാതി നൽകുകയും സൈബർ സെൽ അന്വേഷണം നടത്തുകയുമായിരുന്നു. വ്യാജ പേരിൽ വിദ്വേഷ പരാമർശം നടത്തിയ മൊബൈൽ നമ്പറിന്റെ യഥാർഥ ഉടമ ഗിരീഷാണെന്ന് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.