National

ബ്ലാസ്റ്റ് ഫര്‍ണസ് 4 പ്രവര്‍ത്തനം അവസാനിപ്പിച്ചു; യുകെയിലെ 100 വര്‍ഷം പഴക്കമുള്ള സ്റ്റീല്‍ നിര്‍മ്മാണത്തിന് ടാറ്റ അന്ത്യംകുറിക്കുന്നു

മുംബൈ: യുകെയിലെ സൗത്ത് വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ടില്‍ പ്രവര്‍ത്തിക്കുന്ന 100 വര്‍ഷം പഴക്കമുള്ള സ്റ്റീല്‍ പ്ലാന്റ് ടാറ്റ അടച്ചുപൂട്ടുന്നു. പ്രാഥമിക സ്റ്റീല്‍ നിര്‍മ്മാണം നടത്തുന്ന യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാതാക്കളാണ് ടാറ്റ സ്റ്റീല്‍ എന്നിരിക്കേയാണ് പ്ലാന്റ് പൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ്അയ്യായിരത്തില്‍ അധികമുള്ള തസ്തികകള്‍ നിലനിര്‍ത്തുമെന്നും അടച്ചുപൂട്ടലില്‍ ജീവനക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീന്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്ക് മാറുന്നതിന്റെ ആദ്യപടിയാണ് പ്ലാന്റ് പൂട്ടാനുള്ള തീരുമാനമെന്ന് മുംബൈയിലെ ടാറ്റാ ആസ്ഥാനം വെളിപ്പെടുത്തി. 2027 – 28 ഓടെ ഈ സൈറ്റിലെ ഉരുക്ക് നിര്‍മ്മാണം പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിക്ഷേപ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണമാണ് ടാറ്റ ലക്ഷ്യമിടുന്നത്. വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്കില്‍ അത്യാധുനിക ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാരുമായി കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു. യുകെയില്‍ നിന്നുള്ള സ്‌ക്രാപ്പ് സ്റ്റീല്‍ ഉപയോഗിച്ചാവും പുതിയ പ്ലാന്റ് പ്രവര്‍ത്തിക്കുക. ചരിത്രപരവും ഹരിതവുമായ ഭാവിക്കായി കാത്തിരിക്കുന്നുവെന്നാണ് വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് ടാറ്റ സ്റ്റീല്‍ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏതാനും ദിവസം മുന്‍പ് കമ്പനിയുടെ ബ്ലാസ്റ്റ് ഫര്‍ണസ് 4 പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പൈതൃക സ്റ്റീല്‍ നിര്‍മ്മാണത്തിനാണ് ഇതോടെ കമ്പനി ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ നട്ടെല്ലായ ഉല്‍പന്നങ്ങളില്‍ ഒന്നാണ് സ്റ്റീല്‍. തങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിലവിലെ സാഹചര്യം എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്നറിയാമെന്ന് ടാറ്റ സ്റ്റീല്‍ സിഇഒ രാജേഷ് നായര്‍ പറഞ്ഞു. ഈ പരിവര്‍ത്തനം മൂലം വരുന്ന മാറ്റങ്ങളാല്‍ ബാധിക്കപ്പെടുന്ന എല്ലാവരുടെയും ആഘാതം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button