കത്വയില്‍ യുവാക്കളടെ മൃതദേഹം നദിയിൽ; സമാധാനം തകർക്കാനുള്ള ഗൂഢശ്രമം: പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മൂന്നു ദിവസം മുൻപ് കാണാതായ യുവാക്കളടെ മൃതദേഹം നദിയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. മൂന്നു യുവാക്കളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്നും മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആഴത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മൽഹാർ പ്രദേശത്തുകൂടി ഒഴുകുന്ന നദിയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവം അങ്ങേയറ്റം ദുഖകരവും ആശങ്കാജനകവുമാണെന്ന് സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു. യോഗേഷ് (32), ദർശൻ (40), വരുൺ (14) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ബില്ലാവറിലെ ദെഹോട്ട ഗ്രാമത്തിൽ നിന്ന് മൽഹാറിലെ സുരാഗ് ഗ്രാമത്തിലേക്ക് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് മൂവരെയും കാണാതായത്.
രാത്രി 8.30 ഓടെ വനത്തിനു സമീപം എത്തിയപ്പോൾ, വിവാഹ സംഘത്തിലെ മറ്റുള്ളവരിൽ നിന്ന് ഇവർ വഴിതെറ്റിപ്പോയെന്നാണ് റിപ്പോർട്ട്. തുടർന്ന് മൂന്നു പേരെ കാണാനില്ലെന്ന പരാതിയുമായി കൂടെയുണ്ടായിരുന്നവർ ലൊക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജമ്മുവിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കില്ലെന്നും ജനങ്ങളുടെ ആത്മവിശ്വാസം ശക്തമായി തുടരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
പൊലീസിലെയും പാരാ മിലിട്ടറിയിലെയും സുരക്ഷാ സേനയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.