വയനാട്ടില്‍ മരത്തിന്‍ മുകളില്‍ മൃതദേഹം; ആരുടേതാണെന്ന് അറിയാന്‍ ഡി എന്‍ എ പരിശോധന നടത്തും
മൃതദേഹ ഭാഗം കണ്ടെത്തിയത് പരപ്പന്‍പാറയില്‍ നിന്ന്
കല്‍പ്പറ്റ: രാജ്യത്തെ നടുക്കിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വയനാട്ടില്‍ നി്ന്ന് മൃതദേഹ ഭാഗം ലഭിച്ചു. ഉരുള്‍പൊട്ടലില്‍ പെട്ട് മരിച്ചെന്നുകരുതുന്നയാളുടെ മൃതദേഹ ഭാഗം പരപ്പന്‍പാറയില്‍ ഒരു മരത്തില്‍ മുകളില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ദുരന്തത്തില്‍പ്പെട്ട 47 പേരുടെ മൃതദേഹങ്ങളാണ് ഇനി കണ്ടെത്താന്നുള്ളത്. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ അധികൃതര്‍ നേരത്തേ തന്നെ ശേഖരിച്ചിട്ടുണ്ട്. ഇതുമായി ഒത്തുനോക്കിയാവും മൃതദേഹഭാഗം ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിക്കൂ.
പരപ്പന്‍പാറ ഉള്‍പ്പെട്ടെയുള്ള പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ ലഭിക്കുമെന്ന് കാണാതായവരുടെ ബന്ധുക്കളും തെരച്ചില്‍ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവര്‍ത്തകരും അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണ്ടി അധികൃതര്‍ തെരച്ചില്‍ നടത്താന്‍ തയ്യാറായിരുന്നില്ല. ദുരന്തബാധിതര്‍ തെരച്ചില്‍ നടത്താത്തതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കാന്തന്‍പാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് പ്രദേശം പൂര്‍ണമായും വനമേഖലയാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായി ദിവസങ്ങള്‍ക്കുശേഷം ഇവിടെനിന്ന് നിരവധി മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ചെങ്കുത്തായ പ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തെരച്ചില്‍ നടത്തുക ഏറെ ദുഷ്‌കരമാണ്. ജീവന്‍ പണയംവച്ചാണ് സന്നദ്ധപ്രവര്‍ത്തര്‍ ഉള്‍പ്പെടെ ഇവിടെ തെരച്ചില്‍ നടത്തിയത്. ദുരന്തമുണ്ടായി മാസങ്ങള്‍ക്കുശേഷം മൃതദേഹഭാഗം ലഭിച്ചതോടെ തെരച്ചില്‍ പുനഃരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകും. ഓഗസ്റ്റ് പകുതിയോടെയായിരുന്നു തെരച്ചില്‍ അവസാനിപ്പിച്ചത്.