വാരിയെല്ലുകൾ ഒടിഞ്ഞു, ശരീരത്തിലാകെ ക്ഷതം; ജ്വല്ലറി ഉടമയുടെ മരണത്തിൽ ദുരൂഹതയേറുന്നു

ആലപ്പുഴ മുഹമ്മദയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നും ശരീരത്തിൽ പലയിടങ്ങളിലായി പരുക്കേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന്റെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണ്. ഇടത്തെ കാൽമുട്ടിന് താഴെ പരുക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്
ഈ പരുക്കുകളുണ്ടായത് മരണത്തിന് 24 മണിക്കൂർ മുമ്പ് തന്നെയാണ്. ഫെബ്രുവരി 8നാണ് രാധാകൃഷ്ണൻ മരിച്ചത്. തൊടുപുഴ സ്വദേശിയായ ശെൽവരാജ് എന്നയാൾ പെരിന്തൽമണ്ണയിൽ നിന്നും മോഷ്ടിച്ച 21 പവൻ സ്വർണം രാധാകൃഷ്ണന്റെ രാജി ജ്വല്ലറിയിലാണ് വിറ്റത്. ഇത് കണ്ടെത്തുന്നതിനായി പോലീസ് ശെൽവരാജുമായി ജ്വല്ലറിയിൽ എത്തുകയായിരുന്നു
രാധാകൃഷ്ണനെയും മകനെയും വിളിപ്പിച്ച് തെളിവെടുക്കുന്നതിനിടെ ജ്വല്ലറിയിൽ സൂക്ഷിച്ച വിഷമെടുത്ത് രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ രാധാകൃഷ്ണന്റെ ശരീരത്തിന്റെ പിൻഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ലുകൾക്ക് പരുക്കേറ്റത് സിപിആർ നൽകിയപ്പോൾ സംഭവിച്ചതാകാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്.