അല്‍ ബര്‍ഷയില്‍ കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു
ദുബൈ: അല്‍ ബര്‍ഷയില്‍ മാള്‍ ഓഫ് ദ എമിറേറ്റിന് സമീപത്തെ താമസ കെട്ടിടത്തിന് തീപിടിച്ചു. ഞായറാഴ്ച രാത്രിയാണ് കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടായത്. ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പാഞ്ഞെത്തി താമസക്കാരെ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിയതിനാല്‍ വന്‍ ആളപായം ഒഴിവാകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മേഖല സന്ദര്‍ശിച്ചവര്‍ക്ക് കനത്ത തീപിടുത്തത്തില്‍ മുഖം നഷ്ടമായി വെന്തുരുകിയ കെട്ടിടമാണ് കാണാനായത്.
കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ മേഖലയിലേക്കുള്ള പൊതുഗതാഗതം ഒഴിവാക്കുകയും ചുറ്റുമുള്ള റോഡുകള്‍ അടച്ച് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ആകെ ഒരു വരിയില്‍ മാത്രമാണ് ഈ ഭാഗത്ത് ഗതാഗതം അനുവദിച്ചത്. തീപിടുത്തം സംഭവിച്ച മിനുട്ടുകള്‍ക്കകം തന്നെ അഗ്നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള സംഘം സ്ഥലത്തേക്ക് എത്തിയതായി ദൃസാക്ഷികള്‍ വെളിപ്പെടുത്തി. തീപിടുത്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ അഗ്നിവിഴുങ്ങിയ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ തീയുംപുകയുമായി മല്ലടിക്കുന്നത് കാണാമായിരുന്നു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ, എത്രമാത്രം നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.