ഖോര്‍ഫുക്കാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒമ്പത് പേര് മരിച്ചു, 73 പേര്‍ക്ക് പരുക്ക്
![](https://metrojournalonline.com/wp-content/uploads/2024/12/IQOKDVKAZZAB3DWYZDYC2355CU_copy_640x360.avif)
ഖോര്ഫുക്കാന്: തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് തലകീഴായി മറിഞ്ഞ് ഒമ്പത് ഇന്ത്യക്കാര്‍ മരിക്കുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും രാജസ്ഥാന് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. 83 തൊഴിലാളികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അജ്മാനിലെ കമ്പനി ആസ്ഥാനത്ത് പോയി മടങ്ങുകയായിരുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപടത്തില്‍പ്പെട്ടത്. കമ്പനിയില്‍ പോയി ഷോപ്പിങ്ങും ഭക്ഷ്യവസ്തുക്കളും വാങ്ങി മടങ്ങവേയാണ് രാത്രി എട്ടു മണിയോടെ ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ ഖോര്ഫുക്കാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഖോര്ഫുക്കാന് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള വാദി വാഷി റൗണ്ട്എബൗട്ടിലായിരുന്നു ദാരുണമായ അപകടം. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ റീജിയണ്‍ പൊലിസ് ഡിപാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി വ്യക്തമാക്കി. പരുക്കേറ്റവരില്‍ ഗുരുതരമായി പരുക്കേറ്റവരും ഉള്‍പ്പെടും. അപകടത്തില്‍പ്പെട്ടവര്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടത്തണമെന്നും റോഡുകളിലെ വേഗ പരിധി കര്‍ശനമായ പാലിക്കണമെന്നും ഷാര്‍ജ പൊലിസ് അഭ്യര്‍ഥിച്ചു.