പിള്ളേരെ നോക്കുന്നതു പോലെ നോക്കാൻ പറ്റുമോ; അവൻ നന്നാവണമെങ്കിൽ അവൻ വിചാരിക്കണം: ശ്രേയസ് അയ്യർ
കുട്ടികളെ നോക്കുന്നതു പോലെ പൃഥ്വിയെ ഷായെ കൊണ്ടുനടന്ന് നേർവഴിക്കു നടത്താൻ ആർക്കും സാധിക്കില്ലെന്ന് മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പൃഥ്വി ഷാ അസാധ്യ കഴിവുകളുള്ള ക്രിക്കറ്ററാണ്. കഠിനാധ്വാനം ചെയ്താൽ ആകാശമായിരിക്കും അവന്‍റെ അതിരെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.
സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ മുംബൈ കിരീടം നേടിയതിന്‍റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശ്രേയസ്.
അച്ചടക്കലംഘനത്തിന്‍റെയും പരിശീലനത്തിനെത്താത്തതിന്‍റെയും പേരിൽ പൃഥ്വിയെ നേരത്തെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നു പുറത്താക്കിയിരുന്നു. ടി20 ടൂർണമെന്‍റിലേക്ക് തിരിച്ചുവിളിക്കപ്പെട്ട പൃഥ്വി മുംബൈയുടെ ഒമ്പത് കളിയിലും ഓപ്പണറായി. 156 റൺസ് എന്ന സ്ട്രൈക്ക് റേറ്റിൽ 197 റൺസെടുത്തു.
അജിങ്ക്യ രഹാനെക്കൊപ്പം ചില തട്ടുപൊളിപ്പൻ കാമിയോകൾ കളിച്ചെങ്കിലും 22 റൺസ് മാത്രമാണ് ടൂർണമെന്‍റിൽ പൃഥ്വിയുടെ ബാറ്റിങ് ശരാശരി. അഞ്ച് കളിയിൽ മികച്ച തുടങ്ങൾ അർധ സെഞ്ചുറികളാക്കാൻ കഴിയാതെ മടങ്ങിയപ്പോൾ, നാല് കളിയിൽ ചെറിയ സ്കോറുകൾക്ക് പുറത്താകുകയും ചെയ്തു.
ഈ ലെവലിൽ കളിക്കുന്ന പ്രൊഫഷണലുകൾക്കെല്ലാം അറിയാം അവരെന്താണു ചെയ്യേണ്ടതെന്ന്. പൃഥ്വി മുൻപ് അത് ചെയ്തിട്ടുള്ളതുമാണ്. അവൻ ഏകാഗ്രമായിരുന്ന് ചിന്തിക്കട്ടെ, പ്രശ്നങ്ങൾ സ്വയം കണ്ടെത്തി, സ്വന്തമായി ഉത്തരങ്ങളും കണ്ടെത്തട്ടെ”, ശ്രേയസ് പറഞ്ഞു.
പൃഥ്വി ഷായ്ക്ക് നന്നാകാൻ ഉപദേശങ്ങളുമായി ഗ്രെഗ് ചാപ്പൽ കത്തയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആരെയും നിർബന്ധിച്ച് ഒന്നും ചെയ്യിക്കാൻ സാധിക്കില്ലെന്നായിരുന്നു ശ്രേയസിന്‍റെ മറുപടി.