National

ഈ വെള്ളം അങ്ങ് കുടിക്കാമോ; ബിജെപി നേതാക്കളുടെ വീട്ടിലേക്ക് പ്രയാഗ്‌രാജിലെ വെള്ളം പാചകത്തിന് കൊണ്ടുപോകാത്തതെന്ത്: യോഗിയോട് അഖിലേഷ്

മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം നിറഞ്ഞ കുംഭമേളയിലെ ജലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മതവികാര വ്രണപ്പെടുത്തല്‍ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ത്രിവേണി സംഗമത്തിലെ ജലം ഇപ്പോഴും ശുദ്ധമാണെന്നും കുടിക്കാനാകുമെന്നുമുള്ള പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല കുടിക്കാന്‍ പോലും കഴിയുന്നതാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാനാണ് ബിജെപി നേതാക്കളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വെല്ലുവിളിക്കുന്നത്.

എസ്പി നേതാവ് ഭരണകക്ഷി എംഎല്‍എമാരോടും മുഖ്യമന്ത്രിയോടും വെല്ലുവിളി നടത്തിയെങ്കിലും വെള്ളം കൊണ്ടുപോകാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല. പ്രയാഗ്രാജിലെ വെള്ളത്തില്‍ കോളിഫോമിന്റെ അളവ് ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചതോടെ ആകെ പ്രതിരോധത്തിലായ യുപി സര്‍ക്കാരും കേന്ദ്ര ബിജെപി നേതാക്കളും പുണ്യമാണ് പുണ്യസ്‌നാനമാണ് 56 കോടി ജനങ്ങളുടെ വിശ്വസത്തെ ചോദ്യം ചെയ്യലാണ് എന്നെല്ലാം പറഞ്ഞാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. മലിനജലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും പറയാതെ കുളിക്കാന്‍ മാത്രമല്ല കുടിക്കാനും കുംഭമേളയിലെ ത്രിവേണി സംഗമത്തിലെ കൊള്ളാമെന്ന് പറഞ്ഞ യോഗി ആദിത്യനാഥും ടീമിനും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ധൈര്യമുണ്ടെങ്കില്‍ ആ വെള്ളം കുടിയ്ക്കുവെന്ന് പറഞ്ഞപ്പോള്‍ അതി കേട്ടില്ലെന്ന് നടിക്കുകയേ തരമുള്ളു.

അഖിലേഷ് യാദവിന്റെ ചോദ്യവും ഒരു ടാങ്ക് വെള്ളം വീട്ടില്‍ കൊണ്ടുപോയി കുടിക്കാനും പാചകം ചെയ്യാനുമുള്ള വെല്ലുവിളി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ആസൂത്രണ പിഴവ് ചൂണ്ടിക്കാട്ടി ‘മൃത്യുകുംഭ്’ എന്ന് കുംഭമേളയെ വിളിച്ച മമത ബാനര്‍ജിയെ വിശ്വാസികളോട് കളിക്കരുതെന്ന് പറഞ്ഞാണ് യോഗി ആദിത്യനാഥ് വിരട്ടാന്‍ നോക്കിയത്. കുംഭമേളയില്‍ മുങ്ങിയ 56 കോടി ജനങ്ങളുടെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. മമതയെ മതവികാരം ഉണര്‍ത്തി ആക്രമിക്കാന്‍ നോക്കിയ യോഗിയ്ക്ക് തിരിച്ചടിയായി ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് മമതയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു ആസുത്രണ പിഴവ് ചോദ്യം ചെയ്തതോടെ ബിജെപിയുടെ സ്ഥിരം ‘മതനിന്ദ’ അടവ് ചീറ്റിപ്പോയി. ആളുകള്‍ മരിച്ചപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിച്ചത് കൊടും കുറ്റമാണെന്നും ശങ്കരാചാര്യര്‍ പറഞ്ഞിരുന്നു. ഇത്രയധികം ആളുകള്‍ വരുമെന്നും സ്ഥലപരിമിതി ഉണ്ടാകുമെന്നും അത് പരിഹരിക്കാന്‍ വേണ്ടി ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അതിനൊരു പ്ലാന്‍ ഉണ്ടാക്കണമായിരുന്നു എന്നുമുള്ള വിമര്‍ശനങ്ങളൊന്നും പ്രതികരിക്കാന്‍ ബിജെപിയ്ക്ക് മുന്നില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അഖിലേഷിന്റെ വിമര്‍ശനം കൂടിയായപ്പോള്‍ മഹാകുംഭമേളയിലെ ആസൂത്രണ പിഴവ് ബിജെപിയ്ക്ക് മുന്നില്‍ വലിയ രാഷ്ട്രീയ ചോദ്യമാവുകയാണ്.

Related Articles

Back to top button
error: Content is protected !!