ഇനി ഒരു ബോക്സ് ഓഫീസ് ദുരന്തം താങ്ങാനാകില്ല; രണ്ടും കൽപിച്ച് അക്ഷയ് കുമാർ: ‘സ്കൈ ഫോര്‍സ്’ ട്രെയിലർ
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർക്കൊപ്പം സിനിമ ലോകവും. അക്ഷയ് കുമാർ നായകനായ ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങൾ കണ്ടത്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘സ്കൈ ഫോര്‍സ്’-ന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്.
ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനിലെ സർഗോധ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നത്. അക്ഷയ് കുമാറിനൊപ്പം വീർ പഹാരിയും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. എയർഫോഴ്സ് ഓഫീസർമാരുടെ വേഷങ്ങളാണ് ഇരുവരും അവതരിപ്പിക്കുന്നത്.
സാറ അലിഖാൻ, നിമ്രത് കൗർ, ശരദ് കേൽക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച വിഷ്വലുകളും ഗംഭീര ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ കാണാം. അക്ഷയ് കുമാറിന്റെ ഗംഭീര തിരിച്ചുവരാവാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും.