ഡൽഹി മുഖ്യമന്ത്രിക്കെതിരേ കേസ്; ബിജെപി തെമ്മാടിത്തരം കാണിക്കുന്നുവെന്ന് അതിഷി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കോസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘിച്ചു, പൊലീസിന്‍റെ ജോലി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ചൊവ്വാഴ്ച പുലർച്ചെ അതിഷിയും എഴുപതോളം ആംആദ്മി പാർട്ടി പ്രവർത്തകരും പത്ത് വാഹനങ്ങളിലെത്തി ഫത്തേ സിങ് മാർദിനു സമീപം തടസമുണ്ടാക്കിയെന്ന സംഭവത്തിലാണ് പൊലീസ് നടപടി.
തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് അവിടെ നിന്നും പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രകർത്തകർ പിരിഞ്ഞു പോവാൻ തയാറായില്ലെന്നും പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു.
എന്നാൽ , ബിജെപി തെമ്മാടിത്തരം കാണിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും ഡൽഹി പൊലീസും അവരെ സംരക്ഷിക്കുകയാണെന്നും അതിഷി പ്രതികരിച്ചു. ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ കൈകളിലാണുള്ളത്. രാജ്യതലസ്ഥാനത്ത് ജനാധിപത്യം അതീവിക്കുമോയെന്ന് രാജ്യം ഒന്നാകെ ഉറ്റുനോക്കുകയാണെന്നും അതിഷി കൂട്ടിച്ചേർത്തു.