ജാതി സെൻസസ്; രാഷ്ട്രീയത്തിനല്ല വികസനത്തിന്: എൻഡിഎ യോഗത്തിൽ മോദി

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു ഉപാധിയായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. ഇത് രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയുള്ളതല്ലെന്നും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ന്യൂഡൽഹിയിൽ നടന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജാതി സെൻസസ് ഉൾക്കൊള്ളുന്ന വികസനത്തിന് പിന്തുണ നൽകുന്നതാണെന്ന് മോദി വ്യക്തമാക്കി. എൻഡിഎ ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, എന്നാൽ വിവിധ മേഖലകളിൽ പിന്നോക്കം നിൽക്കുന്നവരെ വികസിപ്പിക്കാൻ ജാതി തിരിച്ചുള്ള കണക്കെടുപ്പ് സഹായിക്കുമെന്നും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
“ഓപ്പറേഷൻ സിന്ദൂർ” ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. സായുധ സേനയുടെ ധീരതയെയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ടുള്ള പ്രമേയവും യോഗത്തിൽ പാസാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പ്രമേയം അവതരിപ്പിക്കുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പിന്തുണയ്ക്കുകയും ചെയ്തു.
മോദി സർക്കാരിന്റെ മൂന്നാം ടേമിന്റെ ഒന്നാം വാർഷികവും സദ്ഭരണ വിഷയങ്ങളും യോഗത്തിൽ ചർച്ചാ വിഷയങ്ങളായി. എൻഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മികച്ച ഭരണരീതികളും യോഗത്തിൽ വിശദമായി വിലയിരുത്തി. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ ഓരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ചും ചർച്ച നടന്നു.