സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കം; 600 ഓളം പ്രതിനിധികൾ പങ്കെടുക്കും

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ, സിപിഎംഎംഎൽ, ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും
കേരളത്തിൽ നിന്നുള്ള 175 പ്രതിനിധികൾ അടക്കം 600 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിർന്ന അംഗം ബി വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വേണമെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ആര് വരുമെന്നതാണ് കാത്തിരിക്കുന്നത്. എംഎ ബേബിക്കടക്കം സാധ്യത പറയുന്നുണ്ട്. അഞ്ച് ദിവസം നീളുന്ന സമ്മേളനം ഏപ്രിൽ ആറിന് സമാപിക്കും.