ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് മോഷണം; തായ്ലാൻഡിൽ നാല് പേർ

ബാങ്കോക്ക്: തായ്‌ലാൻഡിലുണ്ടായ വൻ ഭൂകമ്പത്തിൽ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരെന്നാണ് പോലീസ് പറയുന്നത്. നിർമാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളിൽനിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കമെന്നും പോലീസ് പറയുന്നു.
ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിക്കായിരുന്നു കെട്ടിടത്തിൻ്റെ നിർമ്മാണ ചുമതല. 30 നില കെട്ടിടമാണ് നിർമ്മാണത്തിലിരിക്കെ ഭൂകമ്പത്തിൽ തകർന്നുവീണത്. 32 പേജുകളുള്ള ഒരു ഫയൽ കെട്ടടത്തിൽ നിന്ന് ഇവർ കൈക്കലാക്കിയതായും മെട്രോപോളിറ്റൻ പോലീസ് ബ്യൂറോ മേധാവി അറിയിച്ചു. ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തേക്കാണ് ഇവർ അനധികൃതമായി കടന്നുകയറിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പിന്നാലെ ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഒരാൾ ഈ കെട്ടിട നിർമാണത്തിന്റെ പ്രൊജക്ട് മാനേജർ ആയിരുന്നതായി തിരിച്ചറിഞ്ഞു. ഇയാൾക്ക് വർക്ക് പെർമിറ്റ് ഉണ്ടെന്നായിരുന്നു മൊഴി. കെട്ടിട നിർമാണം എടുത്തിട്ടുള്ള ഇറ്റാലിയൻ-തായ് ഡെവലപ്പ്‌മെന്റ് കമ്പനിയുമായി ചേർന്നാണ് ഇയാളുടെ കമ്പനി നിർമാണ പ്രവർത്തികൾ നടത്തുന്നതെന്നും പിന്നീട് പോലീസ് കണ്ടെത്തി.
കെട്ടിടത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട രേഖകളാണ് ഇവർ കൈക്കലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ രേഖകൾ ഇൻഷുറൻസ് ലഭിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾക്കായാണ് എടുത്തതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. കെട്ടിട നിർമാണത്തിന്റെ മേൽനോട്ടത്തിനും മറ്റുമായി ഇവിടെ ഒരുക്കിയിരുന്ന താത്കാലിക കണ്ടെയ്‌നർ റൂമിലാണ് രേഖകൾ സൂക്ഷിച്ചിരുന്നത്. പിടിയിലായവർ സബ് കോൺട്രാക്ടർമാരാണെന്നാണ് പറയുന്നത്.
ചോദ്യം ചെയ്യലിന് ശേഷം ഈ നാലുപേരെയും പോലീസ് താത്കാലികമായി മോചിപ്പിച്ചു. അനധികൃതമായി നിരോധിത മേഖലയിൽ പ്രവേശിക്കുകയും തകർന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈവശപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് മുമ്പും മറ്റ് മൂന്ന് പേരെ പിടികൂടിയിരുന്നു.