Kerala
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു.
കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയർത്തുന്നതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വർഷമായി ഹർജിക്കാരൻ താൽപര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം.