ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; 3 ബന്ദികളെ റെഡ്ക്രോസിന് കൈമാറി ഹമാസ്
ടെല്‍ അവീവ്: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇതിനു പിന്നാലെ ബന്ധികളാക്കിയ മൂന്നു ഇസ്രയേലി പൗരന്മാരെ ഹമാസ് റെഡ് ക്രോസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. മൂന്നു ബന്ദികളെ ഇന്നു വൈകീട്ട് 7:30ന് (1400 ജിഎംടി) മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹമാസ് ബന്ദികളാക്കിയ മറ്റു നാലു സ്ത്രീകളെ ഏഴു ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് ഇസ്രായേൽ പ്രസ്താവനയിൽ അറിയിച്ചു. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് വെളിപ്പെടുത്താത്തതിനെത്തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയ ശേഷമായിരുന്നു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
തെക്കൻ ഗാസയിലെ അതിർത്തി പ്രദേശമായ കിബ്ബട്ട്സ് കഫാർ ആസയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എമിലി (28), ഡോറൺ (31), മ്യൂസിക് ഫെസ്റ്റിവലിനിടെ തട്ടിക്കൊണ്ടുപോയ റോമി (24) എന്നിവരെയാണ് മോചിപ്പിക്കുകയെന്ന് ഇസ്രയേലി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസികളോട് പറഞ്ഞിരുന്നു.
അതേസമയം, മോചിപ്പിക്കേണ്ട ബന്ദികളുടെ പേരുകൾ ലഭിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളാണ് വിവരങ്ങൾ കൈമാറുന്നതിന് കാലതാമസം ഉണ്ടാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം.
പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനൊടുവിലാണ് ഗാസ സമാധാനത്തിലേക്ക് തിരിച്ചെത്തുന്നത്. വെടിനിർത്തൽ കരാർ പ്രകാരം, ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കാനും, ഇതിനു പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കാനും ധാരണയുണ്ട്. പലയാനം ചെയ്യപ്പെട്ട പലസ്തീനികള്‍ക്ക് ഗാസയിലെ വീടുകളിലേക്ക് മടങ്ങി വരാനും കരാറിൽ അവസരമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ കാബിനറ്റ്, ഉടമ്പടി കരാറിന് അംഗീകാരം നൽകിയത്.