Kerala

ട്രാപ്പിൽ പെട്ടുപോയെന്ന് ശ്രീക്കുട്ടി; വാഹനം കയറ്റിയത് മനപ്പൂര്‍വ്വമായിരുന്നില്ലെന്ന് അജ്മൽ: മൊഴികൾ പുറത്ത്

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാറിടിച്ച് കൊന്ന കേസില്‍ പ്രതികളുടെ മൊഴി. വിരുദ്ധമായ മൊഴിയാണ് പ്രതികളായ അജ്മലും ശ്രീക്കുട്ടിയും പൊലീസിന് നല്‍കിയത്. ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പറഞ്ഞു. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നും ശ്രീക്കുട്ടി മൊഴി നല്‍കി.

എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറഞ്ഞു. ‘മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,’ അജ്മല്‍ മൊഴി നല്‍കി. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞു.

ഇരു പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ദിവസം രണ്ട് ദിവസത്തേക്കാണ് രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!