കേന്ദ്ര ക്ഷണം ബഹുമതി, പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമായി കാണുന്നു: ശശി തരൂർ

പാക് ഭീകരതയെ കുറിച്ചും ഓപറേഷൻ സിന്ദൂറിനെ കുറിച്ചും വിദേശരാജ്യങ്ങളിൽ വിശദീകരണം നൽകാനുള്ള സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചതായി ശശി തരൂർ എംപി. സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു. ദേശതാത്പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമാണെന്നും തരൂർ പ്രതികരിച്ചു
തരൂരിനെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കെപിസിസി രംഗത്തുവന്നു. രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ തരൂരിന് സാധിക്കുമെന്ന് കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ കോൺഗ്രസ് നൽകിയ പട്ടികയിൽ തരൂരിന്റെ പേരുണ്ടായിരുന്നില്ല. ഈ പട്ടിക തള്ളിയാണ് തരൂരിനെ കേന്ദ്രം ഉൾപ്പെടുത്തിയത്
സർവകക്ഷി സംഘത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ലീഗ് എംപി ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റ് വിളിച്ചു കൂട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു