Kerala

പഴയ വാഹനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാൻ നീക്കം

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ വർദ്ധിപ്പിച്ചതിന് പിന്നാലെ കേന്ദ്രത്തിൻ്റെ പുതിയ നീക്കം. പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനം 50 ശതമാനം വർധനയാണ് നികുതിയിൽ വരുത്തിയിരിക്കുന്നത്. എന്നാൽ ടെസ്റ്റിങ് ഫീസിന് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ഈ വർദ്ധനവ് പഴയവാഹനങ്ങൾ ഉപയോ​ഗിക്കുന്നവർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങളെയാണ് വർദ്ധനവ് കാര്യമായി ബാധിക്കുന്നത്. ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയും കാറുകൾക്ക് 5000 രൂപയുമാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. വാഹനത്തിൻ്റെ പഴക്കത്തിന് അനുസരിച്ചാണ് ഫീസിൻ്റെ കാര്യത്തിൽ വർദ്ധനവ് ഉണ്ടാവുക. നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്ക് 600 രൂപയുമാണ് ടെസ്റ്റിങ് ഫീസായി നൽകേണ്ടത്.

സ്വകാര്യവാഹനങ്ങൾ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്പോഴുമാണ് ഇത്തരത്തിൽ ഫിറ്റനസ് ടെസ്റ്റ് നടത്തേണ്ടത്. ടൂറിസ്റ്റ്, ടാക്‌സി വാഹനങ്ങൾ നിശ്ചിത ഇടവേളകളിലാണ് പരിശോധന നടത്തേണ്ടത്. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാനസർക്കാർ ബജറ്റിൽ നികുതി വർദ്ധിപ്പിച്ചിരുന്നു.

ഇനി മുതൽ നികുതിയും ഫിറ്റനസ് ടെസ്റ്റ് ഫീസുമായി ആകെ നൽകേണ്ടത് 14,600 രൂപയാണ്. കൂടാതെ വാഹനത്തിൻ്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. നിലവിൽ, വാഹന ഇൻസ്പെക്ടർമാരാണ് ഈ പരിശോധനകൾ നടത്തുന്നത്, സംസ്ഥാന സർക്കാരാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ഇതിനുപകരം കേന്ദ്രം യന്ത്രവത്കൃത വാഹനപരിശോധനയാണ് നിർദേശിച്ചിട്ടുള്ളത്.

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് യന്ത്രവത്കൃത വാഹനപരിശോധന കേന്ദ്രങ്ങൾ തുടങ്ങിയില്ലെങ്കിൽ സ്വകാര്യമേഖലയിൽ പോകാനാണ് കേന്ദ്രത്തിൻ്റെ ഇപ്പോഴത്തെ തീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങൾ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങൾ തുടങ്ങാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വാഹനപരിശോധനാ കേന്ദ്രങ്ങളിൽ ഈടാക്കേണ്ട ഫീസ് ഘടനയുടെ കരട് കേന്ദ്രം ർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!