ചാലക്കുടി ബാങ്ക് കവർച്ച: റിജോ മുമ്പും കവർച്ചാ ശ്രമം നടത്തി, പോലീസിനെ കണ്ടതോടെ പിന്തിരിഞ്ഞു

ചാലക്കുടി ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണി നേരത്തെയും കവർച്ച നടത്താൻ ബാങ്കിലെത്തിയിരുന്നതായി മൊഴി. ഈ സമയം പോലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മോഷണം നടത്തിയതിന് നാല് ദിവസം മുമ്പായിരുന്നു ഈ ശ്രമം
പട്രോളിംഗിന് വന്ന പോലീസിന്റെ ജീപ്പ് കണ്ട് പ്രതി പിന്തിരിയുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് റിജോയെ പോലീസ് പിടികൂടിയത്. പ്രതിയുടെ ഷൂവിന്റെ നിറവും ഹെൽമറ്റുമാണ് അന്വേഷണത്തിൽ നിർണായകമായത്. മുഖത്ത് മാസ്കും തലയിൽ ഹെൽമറ്റ്, കൈയിൽ ഗ്ലൗസ്, ജാക്കറ്റ് എന്നിവ കവർച്ച സമയത്ത് പ്രതി ധരിച്ചിരുന്നു
പോലീസിനെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു. മൂന്ന് തവണ വസ്ത്രവും മാറി. എന്നാൽ ഹെൽമറ്റ് മാറാനും ഷൂ മാറാനും മറന്നുപോയി. ഇതാണ് പോലീസിന് അന്വേഷണത്തിൽ നിർണായകമായത്.
മോഷ്ടിച്ച 15 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടം വാങ്ങിയവർക്ക് കൊടുത്തെന്നാണ് റിജോ പറഞ്ഞത്. ഈ പണം ലഭിച്ചവർ തുക തിരികെ പോലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.