ചാലക്കുടി ബാങ്ക് കവർച്ച: മോഷ്ടാവ് ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആളെന്ന് സംശയം, അന്വേഷണം തുടരുന്നു

ചാലക്കുടി പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ കത്തിമുനയിൽ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിക്കായുള്ള അന്വേഷണം തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടേ കാലോടെ അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂർ അടക്കമുള്ള മേഖലകളിൽ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്
ഇന്നലെ ഉച്ചയോടെയാണ് ഹെൽമറ്റും ജായ്ക്കറ്റും മാസ്‌കും ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി ബാത്ത്‌റൂമിൽ കയറ്റി പൂട്ടിയ ശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്ത് പണം കവരുകയായിരുന്നു.
45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിലുണ്ടായിരുന്നുവെങ്കിലും 15 ലക്ഷം രൂപ വില വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്നാണ് സൂചന.