ചാമ്പ്യൻസ് ട്രോഫി; ഇതിലൊരാള്‍ ടീം ഇന്ത്യയുടെ ടോപ്സ്കോറര്‍: ലിസ്റ്റില്‍ ആരെല്ലാം

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പുനരാരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കിരീടവുമായി മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 2017ലെ അവസാന എഡിഷനില്‍ ട്രോഫിക്കു കൈയെത്തുംദൂരത്ത് എത്താന്‍ വിരാട് കോലിക്കും സംഘത്തിനുമായിരുന്നു. പക്ഷെ കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടു വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അന്നത്തെ നിരാശ കിരീട വിജയത്തോടെ മായ്ച്ചു കളയാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.
ഫൈനല്‍ വരെ എത്താനാല്‍ ടൂര്‍ണമെന്റില്‍ പരാമവധി ഇന്ത്യ കളിക്കുക അഞ്ചു മല്‍സരങ്ങള്‍ മാത്രമാണ്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം സെമിയും ഫൈനലുമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ചില ബാറ്റര്‍മാരുടെ പ്രകടനത്തോടെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ശുഭ്മന്‍ ഗില്‍
ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും പുതിയ വൈസ് ക്യാപ്റ്റനുമായ യുവതാരം ശുഭ്മന്‍ ആദ്യത്തെയാല്‍. ഇംഗ്ലണ്ടിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ടോപ്സ്കോററായിരുന്നു അദ്ദേഹം. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരവും ഗില്ലിനെ തേടിയെത്തിയിരുന്നു.
86.33 എന്ന കിടിലന്‍ ശരാശരിയില്‍ 103.60 സ്ട്രൈക്ക് റേറ്റോടെ 259 റണ്‍സാണ് അദ്ദേഹം പരമ്പരയില്‍ അടിച്ചെടുത്തത്. ആദ്യ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ നേടിയ ഗില്‍ അവസാന കളിയില്‍ ഇതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കുകയും ചെയ്തു. ഇനി ചാംപ്യന്‍സ് ട്രോഫിയിലും തന്റെ തകര്‍പ്പന്‍ ഫോം തുടരാന്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
ശ്രേയസ് അയ്യർ
മധ്യനിരയിലെ മിന്നും താരമായ ശ്രേയസ് അയ്യരാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ താരം. ശുഭ്മന്‍ ഗില്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരേ ഏറ്റവും മികച്ച റണ്‍വേട്ട നടത്തിയ താരമാണ് അദ്ദേഹം.
നാലാം നമ്പറില്‍ ഇറങ്ങി അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ശ്രേയസ് മൂന്നു കളിയില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്കോറുകളും കുറിച്ചു. 60.33 ശരാശരിയില്‍ 181 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിന ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് ശ്രേയസിനുള്ളത്.
2023ലെ ഏകദിന ലോകകപ്പിലും താരം കസറിയിരുന്നു. 11 ഇന്നിങ്സില്‍ നിന്നും 66.25 ശരാശരിയില്‍ 530 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇനി ചാംപ്യന്‍സ് ട്രോഫിയിലും ശ്രേയസിന്റെ ബാറ്റ് തീതുപ്പുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
നേരത്തേ ശ്രേയസിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരേ പതറുമെന്നതായിരുന്നു. എന്നാല്‍ ഈ വീക്കനെസ് താന്‍ ഇപ്പോള്‍ മറികടന്നതായി ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ ശ്രേയസ് കാണിച്ചു തരികയും ചെയ്തു. അത്രയും അനായാസമാണ് ഷോര്‍ട്ട് ബോളുകളെ അദ്ദേഹം ഫോറിലേക്കും സിക്സറിലേക്കുമെല്ലാം പറത്തിയത്.
വിരാട് കോലി
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഇന്ത്യയുടെ റണ്‍വേട്ടക്കാരനാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. നിലവില്‍ അത്ര ഫോമിലല്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ അവസാന കളിയില്‍ ഫിഫ്റ്റിയുമായി ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫിയിലും ഇതു തുടരാനായിരിക്കും ഇനി കോലിയുടെ ലക്ഷ്യം.
ഐസിസി ടൂര്‍ണമെന്റുകള്‍ പോലുള്ള വലിയ വേദികശില് അദ്ദേഹം ഗഭീര ഇന്നിങ്സുകള്‍ കാഴ്ചവയ്ക്കാറുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലും കോലി ഇതാവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വരിക്കൂട്ടിത് കോലിയാണ്.