ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ പതാക ഒഴിവാക്കി പാകിസ്ഥാന്‍: സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാകയില്ല

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാത ഇല്ലാത്തതിനെക്കുറിച്ച് പുതിയ വിവാദം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നതാണ് വിവാദത്തിന് കാരണമായത്.
സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യന്‍ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനൗദ്യോഗിക വിശദീകരണം
കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് മത്സരമുണ്ട്. പ്രധാന വേദികളിലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളുടെയും പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നത് സമൂഹമാധ്യമങ്ങളില്‍ ആരാധകകരാണ് ചൂണ്ടിക്കാട്ടിയത്.
ബുധനാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാനില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം. 23ന് ദുബായിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ നാലാമത്തെ ടീം.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിഫൈനലിലേക്ക് മുന്നേറുക. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബായിലാകും നടക്കുക